ചില്ലുകൂടുകൾ
ചില്ലുകൂടുകളുടഞ്ഞപ്പോൾ
വെളിച്ചം സൂക്ഷിച്ച
റാന്തൽ വിളക്കിലെ തിരി
കാറ്റിലിലുലഞ്ഞു കെട്ടു
നിയോൺ വിളക്കുകൾ
മിന്നിയ വഴിയോരത്തിൽ
വിരൽതുമ്പിലെ മുറിവിലൊഴുകിയ
രക്തം വാർന്ന ഹൃദയം
മരവിച്ചിരുന്നു
മുഖപടമഴിഞ്ഞ ഒരു മുകിലിന്റെ
മുഖം മഴയിലലിയുമ്പോൾ
അമ്പരപ്പിന്റെ ആദ്യവചനം പോലെ
ചക്രവാളം നിന്നു
എല്ലാമറിയുന്ന ഒരു പർവതഗുഹയിൽ
നിന്നും സമുദ്രതീരം തേടിപ്പോയ വാക്കുകൾ
ചിതറിയ ചില്ലുകൂടിനരികിൽ
നക്ഷത്രവിളക്കുകൾ കൈയിലേന്തിനിന്നു
No comments:
Post a Comment