അനിർവചനീയമായ
വർണ സംഗമത്തിൽ
ശരത്ക്കാലനിറമാർന്ന
ഭൂമി, നിന്നെ തേടി നടന്ന വഴികളിൽ
സൂര്യൻ കാല്പദങ്ങളിലെ മണലിൽ
തീ കോരിയിട്ടു.
കടലുലയുമ്പോൾ
മഞ്ഞുലഞ്ഞു വന്ന
ഹിമാലയത്തിലെ കാറ്റായി
പ്രഭാതം.
തപസ്സു ചെയ്യുമ്പോൾ
മഞ്ഞു പുതപ്പണിഞ്ഞ
ഇലപൊഴിയും വൃക്ഷങ്ങൾക്കരികിൽ
മേഘങ്ങൾ എഴുതിയ
അപൂർണ്ണ ചിത്രങ്ങളിൽ
വെയിൽ മാഞ്ഞു.
നിഴൽപ്പാടുകളിൽ
നിറം മങ്ങിയ ഓർമയായി
ഒരു വരി കവിത.
അലങ്കാരങ്ങളിൽ അക്ഷരങ്ങൾ
അനുസ്മരണം എഴുതുമ്പോൾ
ഓറഞ്ചു നിറമാർന്ന
അശോകപ്പൂക്കളിൽ
സായന്തനം ഓർമ മങ്ങിയാളിയ
ഒരു ദീപമായി മാറി...
No comments:
Post a Comment