പലവഴിയായ് പിരിയുന്ന
വേരുകൾ തേടി വൃക്ഷമൊരിയ്ക്കൽ
പോലും തപസ്സിരിക്കാറില്ല
ശിരസ്സുയർത്തിയാകാശത്തെ
തേടുന്ന വഴിയിലായിലകൾ
പൊഴിഞ്ഞു പോമെങ്കിലും
മഴയുടെ നിറവിൽ വീണ്ടും
പൂക്കൾ വിരിയും
ഋതുക്കളെ മറക്കാതെന്നും
ഭൂമിയുണർത്തും
വഴികളിൽ രാവിന്റെ കറുപ്പുമായ്
കാത്തു നിന്നേക്കാം കാലം
കോലങ്ങൾ വരച്ചേക്കാം
മഷിത്തുള്ളികൾ
പുകമറയിൽ സത്യങ്ങളെ
കുരുതിയേകി ചോന്നനിറത്തിൽ
മുഖം പൂശി പുതുമോടിയിൽ
പുഴയൊഴുകിയേക്കാം
മഴയൊഴുകും നേരം മാഞ്ഞ ചായങ്ങൾ
തേടി തേടി സമയമൊരു
ചില്ലുപാത്രത്തിലുടഞ്ഞേയ്ക്കാം
സമുദ്രമെന്നിൽ നിറഞ്ഞൊഴുകും നേരം
തീരമുണർത്തും വാക്കിനുള്ളിൽ
സ്വപ്നങ്ങൾ സൂക്ഷിയ്ക്കും ഞാൻ
No comments:
Post a Comment