Thursday, July 8, 2010

എനിയ്ക്കായുണരുന്ന ഭൂമി
നിന്നുള്ളിൽ കടലുണരുന്നതും
കൺടു നടന്നു ഞാനും
കായൽക്കരയിൽ
സായാഹ്നങ്ങളെത്രയോ
മനോഹരം
ഇടുങ്ങുമിടവഴി കടന്നു
നിഴൽതുള്ളിയുലഞ്ഞ സമയവും
കടന്നു, മഴ വീണ
മനസ്സിൽ ഞാനും ഭൂമീ
നീയുണർത്തിയ സ്വപ്നജാലകങ്ങളും
തുറന്നീനടവഴിയിലെ
പൂക്കൂന്ന പൂക്കാലമായ്
അരികിൽ കരിമുകലിൻ തുമ്പിൽ
കടംകഥയായ് മാറീ കാലം
വീണ്ടുമുണർന്നു ഭൂമി നീയെൻ
കൈയിലുണർത്തി സമുദ്രം,
സമുദ്രത്തിൻ ലയവിന്യാസം
ഹൃദ്സ്പന്ദനമതിലായുണരുന്ന
ദ്രുതതാളങ്ങൾ
ദേവതാരുക്കൾ പൂക്കും കാനനങ്ങൾ
മഞ്ഞു തൂവുന്ന
കൈലാസത്തിലേറുന്ന
രുദ്രാക്ഷങ്ങൾ
സായന്തനങ്ങൾ, പ്രദോഷങ്ങൾ
സമ്പൂർണ്ണരാഗത്തിന്റെ
സ്വരങ്ങൾ, നക്ഷത്രങ്ങൾ
മിഴിയിൽ സൂക്ഷിക്കുന്ന
നിലാവിൻ പൊൻപൂവുകൾ
എനിയ്ക്കായുണരുന്ന ഭൂമി
നിന്നുള്ളിൽ കടലുണരുന്നതും
കൺടു നടന്നു ഞാനും
തീരമണലിൽ
ശരത്ക്കാലമുണരുന്നതും കൺടു

No comments:

Post a Comment