Sunday, July 31, 2011

ചില്ലുകൂടിൽ നിന്നിറങ്ങിവന്ന മനസ്സ്
എഴുതിമായ്ച്ചുടച്ചൊരു
ചില്ലുകൂടിൽ നിന്നിറങ്ങിവന്നു
മനസ്സ്....
മനസ്സിന്റെയറകളിലേയ്ക്ക്
മഴതുള്ളികളിറ്റിച്ചു
മഹാധമിനികൾ
പർവതങ്ങൾക്കിടയിലെ
ലോകം പുകയുമ്പോൾ
തൂലികകൾ കഥയെഴുതി..
ഋതുക്കൾ നീർത്തിയിട്ട
ഭൂപടത്തിനതിരു തീർത്ത
വന്മതിലുകളെഴുതി
അരുളപ്പാടുകൾ...
കടലിനരികിലിരുന്നു
ഞാൻ കണ്ടു
നീയെഴുതിതൂത്തുമായ്ച്ചു
വീണ്ടുമെഴുതിയ
ആപേക്ഷികസിദ്ധാന്തം....
എനിക്ക് ചിരിവന്നു
പക്ഷെ ചിരിക്കാനായില്ല
നിനക്ക് ദേഷ്യം വന്നു...
പക്ഷെ നീ ചിരിച്ചു
നീയറിയാതെ
പോയതുമതു തന്നെ
ആവരണങ്ങളണിഞ്ഞ്
നീയഭിനക്കുകയാണെന്ന്


മൊഴി
ഊടുവഴിയിലുടക്കിവീണ
ഒരുണർത്തുപാട്ടിനെ
മഴതുള്ളികൾ കൈയിലേറ്റി
സൂക്ഷിച്ചു...
രഥമേറിപ്പോയൊരു
ഋതു ബാക്കിവച്ചു
ആവരണങ്ങൾ
മുദ്രകൾ, ചിഹ്നങ്ങൾ
അതിനിടയിൽ
ചിരിച്ചുതുള്ളിനടന്നു
അസത്യം...
കടലാസുതുണ്ടുകളിൽ
സത്യത്തിനുമസത്യത്തിനും
മഷിപകർന്നു അച്ചുകൂടങ്ങൾ..
അതിനിടയിൽ
ചിരിമറന്ന ഹൃദയം
മൊഴിയിലുണർന്നു..
ആകാശവാതിലുകൾ
തുറന്നുവന്നു ദൈവം കാട്ടി
നീ പോകാനിടയുള്ള ദൂരം..
അതിനപ്പുറം ചക്രവാളമായിരുന്നു
അനന്തതയുടെയാദ്യബിന്ദു......

കേൾക്കാനിമ്പമുള്ള കവിത
നീളുമൊരുവഴിയിൽ
നിരയില്ലാതെയോടി
ചിന്തകൾ
അതിനരികിൽ
മിനുക്കിയ 
വായിക്കാനിമ്പമുള്ള
ചുമരെഴുത്തുകൾ
പദ്മതീർഥത്തിൻ
കൽപ്പടവുകളിലിരുന്നു
നിലവറകൾ
കണക്കെഴുതുമ്പോൾ
നിർമ്മാല്യം
തൊഴുതുവന്ന
പ്രഭാതത്തിൽ
എഴുതാൻ സൂക്ഷിച്ച
മൊഴി മൗനത്തിനാരവത്തിൽ
മുങ്ങിത്താണു...
ഉറഞ്ഞുതുള്ളും
വെളിച്ചപ്പാടുകൾക്കിടയിൽ
കടൽ തേടി ഒരു ശംഖ്
കേൾക്കാനിമ്പമുള്ള
കവിതയെഴുതി സൂക്ഷിക്കാൻ...

Saturday, July 30, 2011

നടന്നുനീങ്ങുമ്പോൾ
നടന്നുനീങ്ങും വഴിയിൽ
സൂര്യനുപേക്ഷിച്ചു
ഒരു മുഖം,
പ്രഭാതമുപേക്ഷിച്ചു
സൂര്യഗ്രഹണത്തിനോർമ്മകൾ,
ഒരു മഷിപ്പാത്രം 
ഒളിച്ചു സൂക്ഷിച്ചു
ഒരു കുടം പക,
ആൾക്കൂട്ടം തേടി
അയലതിരുകളിലെ
ആകുലത,
ഇരുണ്ട രാത്രി മായ്ച്ചു
നിലാവിൻ തുണ്ടുകൾ..
നടന്നുനീങ്ങുമ്പോൾ
ഭൂമി കൈയിലേറ്റി 
നീയുപേക്ഷിച്ച കവിത....

ശേഷിപ്പുകൾ
മണലിൽ
ഒരു വൃത്തം...
കൂട്ടിപ്പിരിച്ചുടച്ചു
തുണ്ടാക്കിയതിൽ
തീർത്തത്..
എതിർവാക്കിന്റെ
കടലിനായ്
അതിനരികിൽ
കാത്തിരിക്കുന്നു
ഒരു നിഴൽ...
സാമ്രാജ്യത്തിൻ
ആരവത്തിനരികിൽ
ചായം തൂത്ത്
നെരിപ്പോടുപുകയ്ക്കും
പൂവരശുകൾ..
അതിനരികിൽ
വീണുപോയ 
ചിലമ്പിലെയൊരു
മുത്ത്
ശബ്ദം നഷ്ടമായ
വെങ്കലതുണ്ട്..
ഭംഗിയുള്ള പുരാവസ്തു!
ഇന്നേയ്ക്കതുമതി..
ശേഷിപ്പുകൾ തിരയുമ്പോൾ
കണ്ടേക്കാം
ത്രിനേത്രത്തിന്റെ
ഉടഞ്ഞ ഒരു തുണ്ട്
നിന്റെ മനസ്സുപോലെ
പുകഞ്ഞത്...



മൊഴി
ഉണരുമ്പോൾ
മിഴിയിലൊഴുകി
പഴയൊരു കാവ്യം.....
പൂ പോല,
ഒരൊലിവിലപോലെ 
മൃദുവായ സ്പർശം... 
മണൽതരികൾ
പറഞ്ഞുമറന്ന
വിവേകമൊരു
രുദ്രാക്ഷമായൊഴുകിമാഞ്ഞ
പർവതസാനുവിൽ
നിന്നുമുണർന്ന
ഒരു സ്വരം
കൈയിലിരുന്നു
വിതുമ്പി
ഓട്ടുവിളക്കിലെണ്ണയേറ്റി
ത്രിമധുരം നേദിച്ച
വിദ്യാപൂജാദിനത്തിൽ
മായാതെയരികിലിരുന്നു
തേൻകണം പോലെയൊരു
മൊഴി
മഴനീരൊഴുക്കിയ
മൺതരികളിൽ
നിന്നുണർന്നുവന്നു
സ്വപ്നാടനത്തിലൊടുവിലെ
ശരത്ക്കാലവർണമാർന്ന ഭൂമി...





Friday, July 29, 2011

സമാന്തരങ്ങളുടെ സമദൂരത്തിനിടയിൽ...

ഓർമ്മയുടെപുസ്തകമടച്ചു
ഭദ്രമായ് സൂക്ഷിച്ച
ആലിൻചുവട്ടിൽ
മണൽതരികളൊരായിരം
കഥയെഴുതി..
കഥയില്ലാക്കഥയല്ല
നാലുവരിക്കഥയല്ല
കാലമൊളിച്ച കഥയല്ല
ഹൃദയം കനൽതൂവിയുലയിലുരുക്കി
ആൾകൂടുമരങ്ങലിലൊഴുകാതെയൊരു
മഞ്ഞുതുള്ളിമായും മുൻപേ 
പവിഴമല്ലിപ്പൂവിതളിൽ നിന്നും
മിഴിയിലേയ്ക്കൊഴുക്കിയ, 
വഴിചേരും നാൽക്കവലയിൽ
ആരവമുയരും നേരമലിയാതെ
വിരലിൽ തൂങ്ങികൂട്ടായിനടന്ന
ഞാനറിയും കഥ
നീയറിയും കഥ
മായ്ച്ചിട്ടും മായ്ച്ചിട്ടും
നിഴലായ് പൂക്കും കഥ
പെയ്തിട്ടും പെയ്തിട്ടും
മഴതുള്ളിയിലുണരും കഥ..
ഓർമ്മയുടെ പുസ്തകത്തിൽ
സമാന്തരങ്ങളുടെ
സമദൂരത്തിനിടയിൽ
ഋതുക്കളെഴുതിയിട്ടുമെഴുതിയിട്ടും
തീരാത്ത കഥ..

വിരൽതൊട്ടെഴുതിയ ആദ്യക്ഷരം
വിരൽതൊട്ടെഴുതിയ 
ആദ്യക്ഷരം
ഉരുളിയിലെയരികവർന്നു
പിന്നീടനേകമനേകമക്ഷരങ്ങൾ
ശംഖിനുള്ളിൽ നിന്നും 
സമുദ്രമേകി...
പാഠാലയങ്ങളിൽ 
മനപ്പാഠമെഴുതിയ
കടലാസിനുള്ളിൽ
കൂട്ടിതെറ്റിയിടറിമുറിഞ്ഞു
വീണ്ടും തളിർത്തരയാൽ പോലെ
പന്തലിച്ചൊടുവിലൊരു 
വെയിലിൽ തുള്ളിയൊഴുകി
നീർത്തിയിട്ട പുൽപ്പായയിൽ
പുരാണങ്ങളുടെ കമാനത്തിലൊരുങ്ങി
ഒടുവിലൊരുമഴക്കാലസന്ധ്യയിൽ
ഉരുളിയിലെയരികവർന്നൊരാദ്യക്ഷങ്ങൾ
ഉണർന്നുവന്നെൻ മനസ്സിലെഴുതി
ഒരു ദാരുവർണം...
വെൺചാമരങ്ങൾ വീശിയുണരും
ശീവേലിയുടെ വാദ്യഘോഷങ്ങൾക്കിടയിൽ
അതിലെയോരോ സ്വരവും
നക്ഷത്രങ്ങളിൽ മിന്നുന്നതും
കാണാനായി...
മൺവിളക്കിലുണരുമെൻ കവിത.
പ്രഭാതത്തിൽ
മെഴുകിയ മുറ്റത്ത്
കോലമെഴുതും
പുരാണങ്ങൾ കണ്ട് 
ചന്ദനസുഗന്ധത്തിൽ
അക്ഷരങ്ങളിലുടക്കുമെൻ
കവിത...

നിഴൽ വീഴുമപരാഹ്നവാതിൽ
കടന്ന് സമുദ്രതീരത്തിനരികിൽ
ജപമാലയിലെയൊരു
മുത്തുപോലെയൊഴുകും
ഭൂമിയുടെ മണ്ഡപത്തിൽ 
ജപം തീർത്ത്
വിളക്കണയ്ക്കും 
സന്ധ്യയ്ക്കരികിലൊരു
മൺവിളക്കിലുണരുമെൻ 
കവിത...

നക്ഷത്രങ്ങൾ
വെളിച്ചം തൂവുമൊരു
ശരറാന്തലിൽ മിന്നിയാടും
മഴക്കാലസന്ധ്യയിൽ
മഴക്കാലപ്പൂവുകൾക്കരികിൽ
മിഴിയിലുണർന്നിരിക്കുമെൻ
കവിത....

Thursday, July 28, 2011

മിഴി രണ്ടിലും
ആകാശമേ!
പറഞ്ഞാലും
ദിശതേടി കടലൊഴുകുമോ?
അറിയില്ല..
എന്റെയറിവുകൾ പരിമിതം
നൗരുവാൻ എന്നാൽ
ഞാൻ സമുദ്രതീരത്തേയ്ക്ക്
നടക്കുന്നു..
ഭൂമിയുടെയതിരുകൾ, 
കടലുകൾ തേടിനടന്നൊരു
നാളിലെന്നോ
മുന്നിൽ വന്നൊരു
തുരുത്ത്...
നൗരു എന്നൊരു മൺതുണ്ട്
കണ്ടുമറന്നൊരത്ഭുതങ്ങൾ..
എന്റെയറിവുകൾപരിമിതം
രാവും പകലുമെനിക്ക്
ചുറ്റും തിരിയും ഗ്രഹങ്ങളേ 
അറിഞ്ഞാലും
സൂര്യായനത്തിനായൊരാര്യഭട്ട
മെനഞ്ഞെടുക്കാൻ
പരീക്ഷണശാലയും
യന്ത്രങ്ങളും എന്റെ കൈവശമില്ല
സൂര്യനകലെ...
ഭൂമിയെനിക്കരികിൽ
തളിരിലതുമ്പിലെനിക്ക്
കാണാം ഭൂമിയെ
മിഴി രണ്ടിലും
അതിലൊരു പ്രകാശത്തിൻ
നുറുങ്ങുവെട്ടവും..

മിഴികളിൽ കവിതയായ് വിരിയുമൊരു നക്ഷത്രം

സായാഹ്നമഴയ്ക്കരികിൽ
നിഴൽ മാഞ്ഞൊരു ഗ്രാമത്തിൽ 
സന്ധ്യ തീർഥസ്നാനം കഴിഞ്ഞെത്തും
ജപമണ്ഡപത്തിലിരുന്നെഴുതും
ഭൂമീ 
പ്രദക്ഷിണവഴിയിൽ
നിനക്കായി ഞാനൊരുക്കിവയ്ക്കാം
ഒരക്ഷരമാല്യം...
മാഞ്ഞുപോയ ഋതുക്കൾക്കും
കുടമാറ്റം ചെയ്യും
തണൽമരങ്ങൾക്കുമിടയിലൂടെ
കാണുമാകാശച്ചെരിവിൽ
വൈകിയെത്തുമാർദ്രനക്ഷത്രം
മിന്നുമ്പോൾ
നെരിപ്പോടുകളുടെ പുകയില്ലാത്ത
ഓട്ടുവിളക്കിൻ പ്രകാശത്തിൽ
അറവാതിലിൽ ഭൂമീ നിനക്കായ്
ഞാൻ നേദിയ്ക്കാം
ദശപുഷ്പങ്ങൾ, 
ആകാശത്തിലെയൊരു
നക്ഷത്രം
മിഴികളിൽ കവിതയായ് 
വിരിയുമൊരു നക്ഷത്രം... 


നക്ഷത്രമിഴിയിൽ
ആകാശമെനിക്കേകി
ആദ്യക്ഷരം
നക്ഷത്രങ്ങളതിൽ മിന്നി
പിന്നീടായിരുന്നു
ചുറ്റുവിളക്ക്തെളിയിക്കും
സായന്തനമെനിക്കൊരു
ജപമാലയേകിയത്
ഒരു പ്രദോഷസന്ധ്യയിൽ
മഴപെയ്യും വഴിയിലൊഴുകും
മഴതുള്ളികളിൽ
ഞാൻ കണ്ടു
ഒരു കാവ്യഭാവം
കൊഴിയും പൂവുകളെഴുതി
നശ്വരമാം നിമിഷങ്ങളുടെ
നിർമമാമൊരു കാവ്യം
എഴുതപ്പെടാനാവാത്തൊരു
കാവ്യം തേടി സമുദ്രതീരത്തിലൂടെ 
നടന്നു ഞാൻ..
സന്ധ്യയുടെ വർണങ്ങൾ
ചാലിച്ച കടൽതീരത്തിരുന്നു
കാണും ചക്രവാളമെഴുതി
അസ്പർശ്യതയുടെ ദൃശ്യത..
അതിലൊരു നക്ഷത്രമിഴിയിൽ
ഞാൻ കണ്ടു 
എന്നെതന്നെ...
ഭൂമിയുടെ സ്വപ്നം
ഒന്നുപറയാൻ
മറന്നിരിക്കുന്നു
നിന്നോടു വാദിച്ച്
ജയിച്ചൊരു തേരിൽധ്വജമേറ്റി
അനുബന്ധമെന്നോണം
ഘോഷയാത്രചെയ്യുക
എന്നതല്ല എന്റെ 
ഭൂമിയുടെ സ്വപ്നം
മിനുക്കിതൂത്തെന്നും
മുൻപിലേയ്ക്കിടും
ആവരണങ്ങളിൽ,
പ്രണയം വിൽക്കും
നാലുവരിക്കവിതയിൽ
എന്റെ കാവ്യസ്വപ്നങ്ങളുടെ
മഞ്ഞുകണങ്ങൾ
ഘനീഭവിക്കും വ്യസനം 
ഹൃദയം സൂക്ഷിക്കുമെങ്കിലും
അലങ്കോലപ്പെട്ടൊരാദികാവ്യത്തിന്റെ
ആരൂഢശിലയിലുറയാതെ
ഒരിറ്റു ചന്ദനസുഗന്ധമെൻ
വിരലിലിന്നുമുണ്ടെന്നും
പറയേണ്ടിയിരിക്കുന്നു...
ഒന്നുകൂടി പറയേണ്ടിയിരിക്കുന്നു
ധ്വജമേറ്റിയ രഥത്തിൽ
പ്രകടനം നടത്തും നീയെന്തിനായ്
വാദിക്കുന്നെന്നും അറിയില്ല..
നിന്നോടുവാദിച്ചുവാദിച്ചു 
നഷ്ടമായ സംവൽസരങ്ങളെയോർത്ത്
വ്യസനം തോന്നാറുണ്ട്
എന്നിരുന്നാലും
ആൾക്കൂട്ടത്തെ ബോധിപ്പിക്കാനായ്
എന്റെ ഭൂമി ചമയങ്ങളുടെ
മൊഴിയുമായ് വരില്ല.....
ഭൂമിയുടെ സ്വപ്നമെന്നതൊരു
മഴനീർതുള്ളിപോലെ
ഹൃദ്യതരമായ കാവ്യം...
രഥവേഗങ്ങളിലുടയാത്ത
ധ്വജചിത്രങ്ങളിലുലയാത്ത 
ഒരു സങ്കീർത്തനം....


Wednesday, July 27, 2011


ഒരിലപോലെയൊഴുകും മനസ്സിൽ
ഒരിലപോലെയൊഴുകും
മനസ്സിലെവിടെയോ
ഉടക്കിവീഴുമക്ഷരങ്ങളിൽ
ചിലനേരങ്ങളിൽ
ഒരുണർത്തുപാട്ട്
ചിലനേരങ്ങളിൽ
ആകാശച്ചെരിവിലെ
മേഘമുടികളെഴുതും
മഹാദ്വീപങ്ങളുടെ
ഋതുപകർച്ചകൾ
നിഴലുണരാൻ വൈകും
തണുപ്പാർന്ന പ്രഭാതങ്ങളിൽ
വെണ്മതൂവിയുണരും
മന്ദാരപൂവുകൾ
ശുഭ്രസ്വപ്നങ്ങൾനെയ്യുമെൻ 
മിഴിയിൽ നിന്നകലെ
കമനീയവിതാനങ്ങൾ
പണിയുമാകാശമേ
നിന്നെകാണുവാനീവൃക്ഷശിഖരത്തിൽ
ഞാനൊരു കൂടുപണിയുന്നു
മഴതുമ്പിലൊരിലക്കീറ്റിൽ
എനിക്കെഴുതാൻ
ചക്രവാളമേ നീയുണരുക
പ്രകാശവുമായ്...
ശരത്ക്കാലമേ നീയെന്നിലഗ്നിവർണം
തൂവിയ നാളിൽ
ശരത്ക്കാലമേ
നീയെന്നിലഗ്നിവർണം
തൂവിയ നാളിൽ
ഞാനൊരു കവിതതേടി
നടന്നു
ഇലപൊഴിയും 
വൃക്ഷത്തിനിടയിലശോകപൂവിൻ
വർണമുള്ള സന്ധ്യയെനിക്കായ്
നീട്ടി ഒരു സ്വർണനക്ഷത്രം
ഋതുഭേദത്തിനിടവഴിയിലൂടെ
നടക്കുമ്പോഴും
ശരത്ക്കാലമേ 
നിന്റെയഗ്നിവർണനക്ഷത്രമെൻ
മിഴിയിലുറങ്ങിയുണർന്നു
തണൽമരങ്ങൾക്കരികിൽ
പൊഴിയുമൊരിലയിലും
എനിയ്ക്കെഴുതാനാൻ 
നീ സൂക്ഷിച്ചുവച്ചു
ഒരിറ്റു ഭൂവർണം
എന്റെ മിഴിയിലോ
നീ വിരിയിച്ചു
നക്ഷത്രപൂവുകൾ...

Tuesday, July 26, 2011

വർത്തമാനകാലത്തിനാവശ്യം 
ചുമരുകൾതൂത്തുമിനുക്കാം
ചോദ്യങ്ങളുമുത്തരങ്ങളുമിനിയെന്തിനായ്
വർത്തമാനകാലത്തിനാവശ്യം
ചുമരുകൾ
മഷിതൂവാത്ത,മൊഴിനിറയാത്ത
കഥപറയാത്ത,കവിതയൊഴുകാത്ത
വെൺചുമരുകൾ...
നിനക്കറിയാം പലതും
എനിക്കുമറിയാം പലതും
എങ്കിലുമൊന്നുമറിഞ്ഞില്ലെന്നു
ഭാവിയ്ക്കാം
വർത്തമാനകാലത്തിനാവശ്യം
അറിവില്ലായ്മ...
മേഘസന്ദേശങ്ങൾ,
ഭൂഗീതങ്ങൾ, തിരയേറ്റങ്ങൾ
ഒന്നും കേട്ടില്ലെന്നഭിനയിക്കാം
ഞാറ്റുവേലമഴപെയ്തില്ലെന്നും
കടലുറങ്ങിയെന്നും
കനൽതൂവും വെയിൽ മാഞ്ഞെന്നും
ത്രിനേത്രങ്ങളടഞ്ഞെന്നും
വിശ്വസിക്കാം
വർത്തമാനകാലത്തിനാവശ്യം
അവിശ്വസനീയത..
വിരലെഴുതും വാക്കിലും
മഷിപ്പാടിനച്ചിലും വാർന്നുവീഴും
അക്ഷരങ്ങൾ മിഥ്യയെന്നു
തീർപ്പെഴുതാം 
വർത്തമാനകാലത്തിനാവശ്യം
മറവിരികൾ, മരവുരികൾ
വിസ്മൃതികൾ..
നിനക്കറിയാം പലതും
എനിക്കുമറിയാം പലതും
ഒന്നുമറിഞ്ഞില്ലെന്നു നടിക്കാം
വർത്തമാനകാലത്തിനാവശ്യം
അറിഞ്ഞതുമറിയാത്തതുമെഴുതി
സ്വകാര്യമായ് വയ്ക്കാനൊരു
ദിനം..
അഗ്നിനക്ഷത്രങ്ങളുടെ കവിത

അഗ്രഹാരത്തിലെ 
മൺതരികളെഴുതി
അഗ്നിനക്ഷത്രങ്ങളുടെ
കവിത
എഴുത്തോലകളിലുറങ്ങും
ആദികാവ്യത്തിനു സാക്ഷ്യം
നിന്ന കവിത...
പെയ്തുതീരാത്തൊരു
മഴക്കാലത്തിൻ
ആത്മകഥയിലെഴുതാൻ
അവസാനവാചകം
തേടിനടന്നു സായന്തനം..
പുരാവൃത്തങ്ങൾ
പഴയൊരു പ്രതിമയുടെ
പ്രാചീനസത്യമെഴുതിയ
ഫലകത്തിനരികിൽ
നിശ്ചലം നിലകൊണ്ടു..
മുകിൽതുമ്പിലുലഞ്ഞ
കഥയുടെയുടഞ്ഞ പാളികൾ
ചിതറിയ കടൽതീരത്തിരുന്നു കാണും 
ചക്രവാളത്തിനരികിൽ
അഗ്നിനക്ഷത്രങ്ങൾ വിരിയും നേരം
ഭൂമി തേടി ഒരു പ്രപഞ്ചകാവ്യം...


മഴപെയ്യുന്നു മനസ്സി


മഴപെയ്യുന്നു മനസ്സിൽ..
തെളിനീരിൽ മുങ്ങും
ഹൃദയമേ!
എഴുതിയിട്ടാലും
അനന്തമാം 
ആകാശത്തിൻ നാദമാകും
ഒരു സ്വരം
എഴുതി തീരാത്തൊരക്ഷരകൂട്ടിൽ
സ്വർണതരികളാൽ
പണിയുമെൻ നക്ഷത്രവിളക്കുകൾ
തെളിയിക്കാൻ സായന്തനമേ
ഭദ്രദീപത്തിലിറ്റ്
പ്രകാശം സൂക്ഷിക്കുക
ജീവന്റെ ദർഭനാളങ്ങളിൽ
പുണ്യാഹജലം തൂവും
മഴതുള്ളികളേ
മനസ്സിലെഴുതിയിട്ടാലും
ഒരായിരം കവിത
നടന്നുനീങ്ങുമ്പോൾ
ചിലമ്പിലെ മുത്തുമണിപോൽ
ഹൃദ്യമാം നാദം മുഴക്കിയുണർന്നു
വരുമൊരു കവിത..

Monday, July 25, 2011

അന്ന് കൃഷ്ണപക്ഷമായിരുന്നു...
നിന്നെ വായിക്കാനെനിക്കായി
പക്ഷെ എന്നെവായിക്കാൻ
നിനക്കായില്ല
ആദികാവ്യങ്ങളറിയാൻ
ആത്മാവിനൊരു മറയരുത്
കെട്ടുവള്ളങ്ങളിൽ
യാത്രചെയ്യുമ്പോൾകാണും കടലും
മഹായാനങ്ങളിലിരുന്നു
കാണും കടലുമൊന്ന്....
ആകാശവാതിലിനരികിൽ
ദ്വൈതത്തിനപ്പുറമുണരും
അദ്വൈതം...
വാത്മീകങ്ങളിലുറങ്ങും
മനസ്സെഴുതും സത്യം...
കാണാമറയത്തിരുന്നൊരു
കടുംതുടികൊട്ടിയാലുമതിൻ
ശബ്ദം മുഴങ്ങും
ചക്രവാളത്തോളം....
ആവരണങ്ങളുടെയെഴുതാപ്പുറങ്ങൾ
മായ്ക്കുമൊരു മേഘതുണ്ടിൽ
നിന്നെയെനിക്ക് വായിക്കാനായി
എന്നെ വായിക്കാൻ നിനക്കായില്ല
കെട്ടുവള്ളത്തിലിരുന്നൊരു
കടൽതിരയുയർന്നപ്പോൾ
നീ പറഞ്ഞു
ഓ ഇതോ കടൽ
കടലുലഞ്ഞു..
തീരത്തടിഞ്ഞ ഒരു ശംഖിൽ
കടലുയരുന്നത് ഞാൻ മനസ്സിൽ കണ്ടു..
നിനക്ക് കാണാനായില്ല
അന്ന് കൃഷ്ണപക്ഷമായിരുന്നു...



അമൃത്
കാണാനാവുന്നതിനപ്പുറം
മനസ്സുണരും
അതിൽ നിറയും വരികൾ
ദൈവത്തിനുപ്രിയം
പാടങ്ങളതിരിടും 
ഗ്രാമം നീർത്തിയിടും ചന്ദനക്കാറ്റ്
ഒരു മഞ്ഞുകാലത്തിനപ്പുറം
ശിരിസ്സേറ്റിയ കനംതൂങ്ങും
ഋതുവെഴുതും കാവ്യം
ആകാശത്തിൻ താഴെ
ഓർമ്മപ്പാടുകൾ മേഘങ്ങളായ്
ഘനീഭവിക്കുന്നു
മിനുക്കാനാവാത്ത
പ്രതലങ്ങളിലുടക്കി നിൽക്കുന്നു
ഒരുൾമുറിവ്....
മഴ തൂവുന്നു
മനസ്സിൽ കുളിർ
മിഴിതേടുന്നു 
പ്രപഞ്ചത്തിനുറവകളിലൂറും
അമൃത്....


മൊഴി
എവിടെയാണെൻ
മനസ്സു തേടും കവിത
നാലുമടക്കിൽ മഷിതൂവും
സമയമേ..
ഇനിയുമെന്തിനൊരു
നിഴൽയുദ്ധം
മഴക്കാടുകളിൽ പെയ്തുതോരാതെ
മനസ്സിൽ പെയ്യുന്നു മഴ
ദൃശ്യമാമൊരു കാവ്യം
അതിനരികിലാകാശം
മിഴിയിലൊഴുകും സമുദ്രം
തീരങ്ങളെഴുതിയിടട്ടെ
തിരയേറ്റങ്ങളുടെ കഥ
ഞാനുമെഴുതുമീ ശംഖിൽ
നക്ഷത്രം പൂക്കും
അനന്തമാം
ആകാശത്തിൻ കഥ...

Sunday, July 24, 2011

ഒരു മഴക്കാലപ്പൂവിൻ കവിത...
സ്മാരകങ്ങളുടെ
തണുത്ത ശിലാപ്രതലം
അതിലെയാൾരൂപങ്ങൾ
എഴുതിമുറിച്ചിടുമടയാളങ്ങൾ
തണുത്ത ഓളങ്ങളൊളിപ്പിക്കും
നിശബ്ദമാം നിലയില്ലാക്കയങ്ങൾ..
ആകാശമേ കാണുക
ആൾക്കൂട്ടം പൊതിയും
ആൾരൂപങ്ങൾ
തിരുശേഷിപ്പുകളുടെ
നെടുമ്പുരയിലെയുരുക്കെഴുത്തുകൾ...
ഋതുക്കളേ എഴുതിയാലും
ഒരു കവിത
അടിയൊഴുക്കുകളിലൊഴുകിയീ
മനോഹരമാം ഭൂമിയിലെത്തിയ
ഒരു മഴക്കാലപ്പൂവിൻ കവിത...

പ്രണയശേഷിപ്പുകൾ.
ഒഴിഞ്ഞുപോയ
പ്രണയത്തിൻഭാരം
ശിരസ്സിൽ കനം തൂങ്ങിനിൽക്കുന്നു..
അതിൻ നിഴലുകൾ
പിന്നിലൊളിപാർക്കുന്നു,
എഴുതും വാക്കിനെയുലയ്ക്കുന്നു,
എഴുതാപ്പുറങ്ങളിൽ തൂങ്ങിയാടുന്നു,
തുറക്കും പുസ്തകങ്ങളിൽ
തുള്ളിവീഴുന്നു...
മഴയിലൊഴുകിമായാതെ
മൗനത്തിനാരവുമായ്
ഒരുപർവതമായുയരുന്നു...
ഒഴിഞ്ഞുപോയ 
പ്രണയത്തിനെന്തൊരാന്തൽ
വഴിമാറിനടന്നിട്ടും
ചരിത്രമെഴുതും കടലാസിനാവശ്യം
മിഴിനീറ്റും നെരിപ്പോടിൻ  തീപ്പുക..
കരിഞ്ഞ പ്രണയത്തിൻ 
പുകഞ്ഞ കരിന്തിരി..
കണ്ടു മതിയായിരിക്കുന്നു...
ശിരസ്സിൽ കനം തൂങ്ങുമീ
തീരാക്കടമായ് ചുറ്റും
പ്രണയശേഷിപ്പുകൾ...
എഴുതിയും മതിയായിരിക്കുന്നു
തുലാസിൽതൂക്കിവിറ്റ
കടലാസിലൊഴുകിയ 
പ്രണയത്തിനിഴപൊട്ടിയ
പ്രണയശേഷിപ്പുകൾ...

ജാലകമൊന്നു തുറന്നാൽ


ജാലകമൊന്നു തുറന്നാൽ
കാണുമാകാശമെത്രയോ 
മനോഹരം..
പ്രഭാതത്തിൽ ലോകത്തിൻ
വാതിലൊന്നു തുറന്നു
കാഴ്ച്ചകൂടുകളേകി 
ഒരു ഗ്രന്ഥം
അതിലെഴുതിയിരിക്കുന്നു
മിഴിയടച്ചുറങ്ങുക..
അരികിൽ അച്ചുകൂടങ്ങളുടെയുറവിടം
എവിടെ നഷ്ടമായ പ്രശാന്തി?
അച്ചുകൂടങ്ങളിലെ
തൈലങ്ങളിലുണരുമോ
ആത്മാവ്?
അറിയില്ല...
അപരാഹ്നത്തിലെ
മഴയിലൊരുണർത്തുപാട്ട്
ഹൃദയം സ്പന്ദിക്കുന്നു
വിരലിൽ, മൊഴിയിൽ
ജാലകത്തിനരികിലെ
സന്ധ്യയ്ക്ക് നക്ഷത്രങ്ങളുടെ 
തിളക്കം..

Saturday, July 23, 2011


സാക്ഷ്യം
ആർദ്രമാമാകാശഗാനമുണരും
പ്രഭാതത്തിനരികിലൂടെ
പാൽക്കുടങ്ങളുമായൊഴുകും
ഗ്രാമമൊരു പഴയസ്വപ്നം..
മിഴിയിലൊരുലോകം
ഉഷ്ണമേഘങ്ങളിൽ,ബാഷ്പങ്ങളിൽ
ഉടഞ്ഞതുമൊരു സ്വപ്നം 
മാമ്പൂസുഗന്ധത്തിൽ
പൂർവാഹ്നത്തിലൊഴുകിയ
പുണ്യാഹജലം നുകർന്നെഴുതിയ
ആദ്യക്ഷരങ്ങളുമൊരു സ്വപ്നം
ഇടവേളയിലോടിപ്പോയ
നിമിഷങ്ങളുടെ നിഴലിൽ
നിന്നകലെയൊരു
ചക്രവാളമെഴുതിയതുമൊരു
സ്വപ്നം...
അതിനിടയിൽ 
മഷിപുരണ്ടും, മൊഴിയിലുടഞ്ഞും 
മാഞ്ഞുപോയത് ഗ്രാമമോ നഗരമോ?
മഴക്കാലപൂവിൽ തുളുമ്പും
മഴതുള്ളിയെഴുതുമൊരുവരിക്കവിതയിൽ
മനസ്സൊഴുകുമ്പോൾ
ആകാശമേയിനിയുമേത്
ഋതുവിനൊരു സാക്ഷ്യമേകണം?

പ്രതിധ്വനി..
മഴപെയ്യും നേരമെൻ
മനസ്സെഴുതും ചിത്രത്തൂണിനരികിൽ
നിഴൽവീഴാനാവത്തൊരു മണ്ഡപം
അതിനരികിലൊരു
ഋതു നിവേദിച്ച ചന്ദനക്കൂട്ടിൽ
തൊട്ടുണർന്ന പ്രഭാതമേ
മുളംതളിരിലെ മഞ്ഞുകണങ്ങളിൽ
ഭൂവർണം തേടിയ മനസ്സിലേക്കിട്ടാലും
തൂവെൺപൂക്കൾ....
ചുറ്റിലും കാണാകുന്നു
ദീപക്കാഴ്ച്ചയിലുയരും 
പൃഥ്വീവലയങ്ങൾ..
നിടിലത്തിലഗ്നിസൂക്ഷിക്കും
ത്രിനേത്രങ്ങൾ...
അതിനരികിൽ 
പെയ്തൊഴിയുമാഷാഢമേഘങ്ങൾ...
ജാലകവിരിനീക്കികാണും
ആകാശമേലാപ്പിനരികിൽ
എഴുതിതൂത്തൊരു
ചിത്രപടത്തിനരികിൽ
ആവൃതമാമറകളിലൊളിക്കും
അഭ്രധൂളിവീണുമങ്ങിയ
വർത്തമാനകാലം..
ആരവങ്ങൾക്കിടയിലും
ഹൃദ്സ്പന്ദനത്തിൽ നിറയുന്നു
പ്രകാശമാനമായ പ്രണവത്തിൻ 
പ്രപഞ്ചമുണർത്തും പ്രതിധ്വനി..

ചക്രവാളത്തിൻ നക്ഷത്രവിളക്കുകൾക്കരികിൽ

ചക്രവാളത്തിൻ
നക്ഷത്രവിളക്കുകൾക്കരികിൽ
കാലം പണിതിട്ടു ക്ളാവുമൂടിയ
ഒരു തൂക്കുവിളക്ക്..
ശരത്ക്കാലത്തിനഗ്നിപൊടിഞ്ഞ
ചാമ്പൽതൂവി 
ഒരു മഴക്കാലത്തിൽ
മുങ്ങിതോർത്തിയാവിളക്ക്
വീണ്ടും തിളങ്ങി
നക്ഷത്രപ്പൊട്ടുകളായതിൽ
നിന്നുയർന്നുവന്നു  കവിത
വാകമരത്തിനിലകൊഴിഞ്ഞ
നിഴൽമാഞ്ഞ വഴിയിൽ
പൊന്നലുക്കുകൾ തൂക്കി
ഭൂമിപണിതു ഒരു കുടീരം...
അവിടെയിരുന്ന്
ക്ളാവുമാഞ്ഞ തൂക്കുവിളക്കിൽ
നിറഞ്ഞൊഴുകിയ പ്രകാശത്തിൽ
ഭൂമിയ്ക്കായൊരുപുനർജനി
മന്ത്രം ചൊല്ലി സന്ധ്യ..
ചക്രവാളത്തിൻ
നക്ഷത്രവിളക്കുകൾക്കരികിൽ
കാലം തേടിനടന്നു
പ്രകാശത്തിനുറവിടം...
മഴക്കാലസന്ധ്യയിലെ ഗ്രാമം

പറന്നുപോയെങ്ങോമാഞ്ഞൊരു
തൂവൽതുമ്പിലൊരു
കവിതയുണ്ടായിരുന്നു...
ഇഴയിട്ടൊരൂടുവഴിയിൽ
വലപാകിയിരുന്നൊരു
നിഴൽക്കൂടിലുടക്കിയാകവിതയുടഞ്ഞു..
ഉടയുമക്ഷരങ്ങളെയൊരു
മഴക്കാലം മഴതുള്ളിയിൽ
കടഞ്ഞുണർത്തി
പ്രഭാതത്തിൻ മിഴിയിലിട്ടു..
ഉണരും നേരമാമിഴിയിലൊഴുകി
ഒരാഷാഢകാവ്യം...
ജാലകമറയിലൂടെ കാണും
ആകാശത്തിനരികിൽ
മദ്ധ്യാഹ്നമേഘങ്ങൾ...
സായന്തനം മനസ്സിലെ
വാതിലുകളടച്ചൊരു
സങ്കീർത്തനമന്ത്രമായ് മാറി..
മഴപെയ്തുകൊണ്ടേയിരുന്നു
മഴക്കാലസന്ധ്യയിലെ
ഗ്രാമമൊരാറ്റുവഞ്ചിക്കടവിലിരുന്ന്
ചക്രവാളത്തിനൊരനുസ്മരണമെഴുതി...

Friday, July 22, 2011

മഴതുള്ളിപോലൊരു ഹൃദ്യരാഗം
ഗോപുരമുകളിലാകാശത്തിൻ
ശുഭ്രപ്രകാശം
വഴിയോരത്തെ 
വാകമരത്തണലിലിസ്തിരിക്കനലുകൾ
യന്ത്രചിറ്റുകൾക്കിടയിലെയഗ്നിരൂപം
കണ്ടുമടങ്ങിയത്
നീർമരുതുകളിലുടക്കിയ 
പുരാണം...
ഇലക്കീറ്റിലെ തൃമധുരം...
മൺതുണ്ടുകളിലെ നിറഭേദങ്ങൾ..
വായനപ്പുരയിലെ കൂട്ടക്ഷരങ്ങൾ..
ചുരുങ്ങുമൊരു നാലുമടക്കിൽ
തൂവിയ കയ്പിൻ തരികൾ..
വഴിയേറെ നടന്നരികിലെത്തും
ഋതുക്കൾ...
തൂക്കുവിളക്കിൽ പ്രകാശത്തിനായെണ്ണ
പകരും മനസ്സേ 
പ്രഭാതം നൈർമല്യത്തിനാദ്യക്ഷരം
പ്രഭാതസ്വരങ്ങളേ
ഉണർത്തിയാലും
മഴതുള്ളിപോലൊരു ഹൃദ്യരാഗം



മഴയൊഴുകും വഴിയും കടന്നൊരു ഋതു നീങ്ങുമ്പോൾ
മഴയൊഴുകും വഴിയും
കടന്നൊരു ഋതു നീങ്ങുമ്പോൾ
പ്രദക്ഷിണരേഖയിൽ 
മുദ്രതീർത്ത മനസ്സേ
നീ കൽശിലകളിലെഴുതിയിടുന്നു 
കാവ്യം...
പൊന്നിൻതുണ്ടു കിലുങ്ങും
ചിലമ്പിൽ ചിത്രം രചിക്കും കാലം..
മേച്ചിലോടുകളിലെ കുളിരുമായ്
നടുമുറ്റത്തിരുന്നെഴുതി തൂത്ത
മണൽതരികളിൽ നിന്നുണർന്ന
മിഴിയിലൊരു ചന്ദനപ്പൂമരം സൂക്ഷിച്ച
ഭൂമിയും കണ്ടു 
എഴുത്തുമഷിപടർന്നൊരു ലോകം
നിലവറകൾ, ദിഗന്തമുറിവുകൾ
ത്രികാലജ്ഞാനം തേടും
ത്രിനേത്രങ്ങൾ...
ചുവടുതെറ്റിവീണ ഗോപുരങ്ങളിൽ
നിന്നുമൊഴുകി മണൽതരികൾ..
അതിലും കണ്ടു
എഴുതിതൂത്തുമായ്ച്ചോരക്ഷരങ്ങൾ
ആദിതാളലയത്തിന്റെയതിസൂക്ഷ്മാം
അക്ഷരകാലങ്ങൾ....
മഴയൊഴുകും വഴികടന്നൊരു
ഋതു നീങ്ങുമ്പോൾ
മനസ്സിൽ നിറഞ്ഞിരുന്നു
മഴതുള്ളികൾ
കവിതയുടെ സുഗന്ധമോലും
മഴനീർക്കണങ്ങൾ....


Thursday, July 21, 2011


തണൽ
ആൽമരമൊരു തണൽ...
നടന്നുനീങ്ങുമാൾക്കൂട്ടം
കവരുന്നതും തണൽ.....
മനസ്സിന്റെ തണലൊരു
കാവ്യം...
അരികിലെയുഗങ്ങളുടെ
തണൽ ക്ഷണികം
ഋതുക്കളെ പോൽ
വരും പോകും മായും......
യഥാർഥ്യത്തിൻ ചെപ്പിൽ
സൂക്ഷിക്കാനൊരു ശംഖ്
കടലെഴുതും കവിതയുടെ ശംഖ്
ഹൃദയത്തിൻ തണൽ...
ആകാശത്തിൻ തണൽ
സായന്തനം.....
ആകാശനക്ഷത്രങ്ങൾ
നിത്യപരിചിതർ
ദീർഘവീക്ഷണത്തിൻ തണലവർ;
മിഴിയിലെ കവിതയുടെ 
മിന്നാമിനുങ്ങിൻ തിളക്കം