Thursday, July 28, 2011

ഭൂമിയുടെ സ്വപ്നം
ഒന്നുപറയാൻ
മറന്നിരിക്കുന്നു
നിന്നോടു വാദിച്ച്
ജയിച്ചൊരു തേരിൽധ്വജമേറ്റി
അനുബന്ധമെന്നോണം
ഘോഷയാത്രചെയ്യുക
എന്നതല്ല എന്റെ 
ഭൂമിയുടെ സ്വപ്നം
മിനുക്കിതൂത്തെന്നും
മുൻപിലേയ്ക്കിടും
ആവരണങ്ങളിൽ,
പ്രണയം വിൽക്കും
നാലുവരിക്കവിതയിൽ
എന്റെ കാവ്യസ്വപ്നങ്ങളുടെ
മഞ്ഞുകണങ്ങൾ
ഘനീഭവിക്കും വ്യസനം 
ഹൃദയം സൂക്ഷിക്കുമെങ്കിലും
അലങ്കോലപ്പെട്ടൊരാദികാവ്യത്തിന്റെ
ആരൂഢശിലയിലുറയാതെ
ഒരിറ്റു ചന്ദനസുഗന്ധമെൻ
വിരലിലിന്നുമുണ്ടെന്നും
പറയേണ്ടിയിരിക്കുന്നു...
ഒന്നുകൂടി പറയേണ്ടിയിരിക്കുന്നു
ധ്വജമേറ്റിയ രഥത്തിൽ
പ്രകടനം നടത്തും നീയെന്തിനായ്
വാദിക്കുന്നെന്നും അറിയില്ല..
നിന്നോടുവാദിച്ചുവാദിച്ചു 
നഷ്ടമായ സംവൽസരങ്ങളെയോർത്ത്
വ്യസനം തോന്നാറുണ്ട്
എന്നിരുന്നാലും
ആൾക്കൂട്ടത്തെ ബോധിപ്പിക്കാനായ്
എന്റെ ഭൂമി ചമയങ്ങളുടെ
മൊഴിയുമായ് വരില്ല.....
ഭൂമിയുടെ സ്വപ്നമെന്നതൊരു
മഴനീർതുള്ളിപോലെ
ഹൃദ്യതരമായ കാവ്യം...
രഥവേഗങ്ങളിലുടയാത്ത
ധ്വജചിത്രങ്ങളിലുലയാത്ത 
ഒരു സങ്കീർത്തനം....


No comments:

Post a Comment