Monday, July 11, 2011

 പ്രകാശദീപങ്ങളുടെ കവിത

ഒരാദിമസങ്കല്പത്തിൽ
നൂറ്റാണ്ടുകൾ നടന്നുനീങ്ങും
പുരാവൃത്തമൊരു താളിയോലയിൽ
കവിതയായൊഴുകി...
ഒരു മഴതുള്ളിയെൻ കൈയിലുമെഴുതി
ഒരായിരമക്ഷരങ്ങൾ...
അന്യം നിന്നൊരുണർത്തുപാട്ടിൽ
നിന്നിടറിവീണു മഞ്ഞുതുള്ളിയിലുറഞ്ഞ
ഒരു സ്വരമായി മൊഴിയുണർന്നു...
ഒഴുകിനീങ്ങിയ മണൽതരികൾക്കരികിലൂടെ
ഓർമ്മപ്പുസ്തകവുമൊഴുകി നീങ്ങുന്നതൊരു
പുഴ കണ്ടു...
വിൺചെപ്പിൽ
രോഷം പൂണ്ടൊരസ്തമയത്തിനരികിൽ
ദിക്ക് തെറ്റിയൊരു ഋതു വരച്ച
ചിത്രങ്ങളിലെന്തെന്നറിയാതെ
ചക്രവാളം മൗനം പൂണ്ടിരുന്നു...
നടന്നു നീങ്ങുനേരം സായന്തനം
കൈയിലേറ്റിയ ശരറാന്തലുകളിലെ
ചിത്രഭംഗിയിൽ പ്രകാശദീപങ്ങളുടെ
കവിതയുണ്ടായിരുന്നു.....

No comments:

Post a Comment