Thursday, July 21, 2011

മഴയെഴുതും മൊഴി
സ്വർഗനരകങ്ങൾക്കിടയിലെ ഭൂമീ
ഏതു ജന്മത്തിനാദിരേഖകളിൽ
നീയെഴുതുന്നു..
രണ്ടിനുമിടയിലൊരിടനാഴിയിൽ
വാതിൽപ്പാളികളിലുടക്കിനീങ്ങുമാരവത്തിൻ
പ്രതിധ്വനിയ്ക്കരികിൽ കേൾക്കാനാവുന്നു
ഋതുക്കളുടെ ലയവിന്യാസം......
പറഞ്ഞാലും
മൺതരികളേതു തീച്ചൂളയിൽ
നിന്നു പാറുന്നു.....
ഒരു മഴക്കാലസന്ധ്യയിൽ
മാഞ്ഞുപോയ ദിഗന്തം
സൂക്ഷ്മമാം മിഥ്യയുടെ
ചിത്രമായ് മാറുമ്പോൾ
നടപ്പാതകളിൽ പൂക്കും
നിഴലിലുടഞ്ഞ
വെയിൽചിത്രങ്ങൾ
സൂക്ഷിക്കാനൊരു
ചിത്രകമാനം തേടിനടക്കുന്നുവോ
മേഘങ്ങൾ......
മഴതുള്ളികളൊരു താമരയിലയിൽ
മുത്തുപോലെ ചലിക്കുമ്പോൾ
എഴുതാൻ മറന്നുപോയൊരു
മഴയുടെ മൊഴി
വീണ്ടും വിരൽതുമ്പിലുണരുന്നു..

No comments:

Post a Comment