Wednesday, July 6, 2011

വർത്തമാനകാലം

പകലുകളുടെ
നീളമളന്നകന്ന
അപരാഹ്നത്തിലായിരുന്നു
ഭൂഖണ്ഡങ്ങൾസാക്ഷ്യം
നിൽക്കുമൊരു രാജ്യം
വൈവിദ്ധ്യത്തിനായൊരു
കൈയൊപ്പിനായാശിച്ച
വർത്തമാനകാലത്തെ
ഞാനറിഞ്ഞത്
വാരാന്ത്യങ്ങളുടെ
ചെപ്പിൽ വീണുടഞ്ഞത്
ലോകമോ, കൗതുകമോ,
രാജ്യങ്ങളോ,
അതോ സ്പന്ദിക്കുമെൻ
ഹൃദയമോയെന്നറിയാനാവാതെ
മനസ്സിലൊരു
ശൈത്യമുണർന്നനാളിലാവാം
പ്രഭാതങ്ങൾ ശബ്ദരഹിതമായത്
ആരോ എഴുതും
തർജിമകൾ വായിക്കും മിഴികൾ
പ്രണയമിങ്ങനെയും
താഴേയ്ക്കൊഴുകുമോ
എന്നത്ഭുതപ്പെടുമ്പോൾ
നൈൽ നദീതീരത്തിലൂടെ
മദ്ധ്യധരണ്യാഴിയിലെത്തിനിൽക്കും
ആന്ദോളനത്തിൽ
അശാന്തിയുടെയാദ്യലിപിയും കണ്ടു
അപരാഹ്നത്തിന്റെയഗ്നിശിലകൾ
തണുത്തുറയും നേരം
ചുറ്റുവലയങ്ങളിലെ
സമാനതയിൽ
വർത്തമാനകാലം
ഒരു മഴക്കാലപൂവായി
മാറുകയും ചെയ്തിരുന്നു..

No comments:

Post a Comment