ഘനശ്യാമമുകിലുകൾ പെയ്തൊഴിഞ്ഞനാൾ
മുദ്രകൾക്കുള്ളിലുറങ്ങും
മനസ്സേ!
ഒതുക്കാനാവാതെയൊഴുകും
ഏതുകടൽ നിന്നിൽ?
അരികിൽ ചുമരുകളിൽ
ആണിപ്പാടുകൾ
ഉടഞ്ഞ ചിത്രങ്ങളുടെ
ചിന്തേരിട്ടുമൂടും വരെയുള്ള
സ്മാരകം...
തഥാഗതനുറങ്ങിയ
പഴയൊരു നൂറ്റാണ്ടിൻ
താളിയോലയിൽ
നിന്നുണരുന്നു
നിശ്ബ്ദപുരാവൃത്തം...
ഇഴപിരിയുമൊരു
പട്ടുനൂൽതുമ്പിൽ തൂങ്ങിയാടും
അപൂർണമാം ആന്ദോളനം...
ഘനശ്യാമമുകിലുകൾ
പെയ്തൊഴിഞ്ഞനാൾ
കൃഷ്ണപക്ഷം മായ്ച്ച
ഒരു നക്ഷത്രകവിത
ഭൂമിയുടെ മിഴിയിലൊളിച്ചു...
അവ ഭൂമിയുടെ
മിഴിയിൽ മിന്നിക്കൊണ്ടേയിരുന്നു
ഒരു സ്വപ്നം പോൽ...
No comments:
Post a Comment