സന്ധ്യയിങ്ങനെയായിരുന്നുവല്ലോ....
കുളിരും പ്രഭാതത്തിനിടനാഴിയിലെ
ചുമരെഴുത്തിൽ തുടർക്കഥയുടെ
പൂർണവിരാമമെഴുതി മാഞ്ഞൊരു
യുഗമുപേക്ഷിച്ച നിഴലുടഞ്ഞുവീണ
മൺതരികളിൽ വിദ്യാരംഭമെഴുതിയ ബാല്യം
വിരൽതുമ്പിലൊരു സ്വർണപൂവിതളായ്
വിരിയുമ്പോൾ
ഉടഞ്ഞചില്ലുകളിലൂടെ നടന്നൊടുവിലെത്തും
യാത്രാപഥങ്ങളിൽ ഭൂമി ചുരുങ്ങിയെൻ
ഹൃദയത്തിനറകളിലുണർവായ് മാറുമ്പോൾ
ഞാനെഴുതാതിരിക്കുന്നതെന്തിനായ്?
തൂവൽപോലുണരുമൊരു പൂവിൻ
മൃദുസ്പർശങ്ങളിൽ കാണാനാവുമീ
ലോകത്തെ
കണ്ടുതുടങ്ങിയനാളിലുമൊരശോകപ്പൂവിൻ
നിറമുള്ള സന്ധ്യയിങ്ങനെയായിരുന്നുവല്ലോ
ഇനിയീ മൺകുടങ്ങളുടഞ്ഞ
ദിനാന്ത്യത്തിലെന്തിനൊരു
കുടമാറ്റം..
ചുരുങ്ങിയ ഭൂമൺതരിയിലെ
ഹൃദ്സ്പന്ദനമേ
എനിക്ക് കേൾക്കാനാവുന്നു
പ്രഭാതശീതളിമയിലുണരും
ഭൂപാളസ്വരങ്ങൾ....
No comments:
Post a Comment