Tuesday, July 5, 2011

മഴപെയ്യുമീ സായാഹ്നത്തിൽ

മഴപെയ്യുമീ
സായാഹ്നത്തിലെൻ
മിഴിയിൽ മായുന്നുവോ
മദ്ധ്യാഹ്നവേനൽ
ശിരോകവചങ്ങളിൽ
മഞ്ഞുതൂവിയെൻ
ധനുക്കാറ്റിനരികിൽ
മറഞ്ഞുവോ
മുളം തണ്ടിലെ ഗാനം..
ഇനിയും കൃഷ്ണപക്ഷ
മേഘങ്ങൾ പെയ്യും
തുലാക്കുടുക്കിന്നുള്ളിൽ
വീണുപോയേക്കാം
നേർരേഖകൾ..
പ്രണയം കവിതയിൽ
മാഞ്ഞേക്കാം
പുരാവൃത്തമെഴുതി
വിരലുകൾ വേദനിച്ചേക്കാം
പുണ്യത്തികവും തേടി
പുരോഹിതന്മാർ
മന്ത്രിക്കുമ്പോൾ
പുകഞ്ഞേക്കാമിന്നൊരുഹൃദയം
ഞാനോ മറന്നെന്നിലെ
യാഗാശ്വത്തെയൊന്നിനെ
മഴയെന്നിലിന്നൊരു
ശംഖിൽ തീർഥമെന്നപോൽ
നിറയുന്നു
അക്ഷതം തൂവി
ശ്രാദ്ധമന്ത്രങ്ങൾക്കുള്ളിൽ
നിന്നുമെത്തിനോക്കുന്നു
പിതൃപത്രങ്ങൾ
യജ്ഞങ്ങളിലെത്രയോ
ദിനങ്ങളുമുറക്കം നടിക്കുന്നു
മഴയിൽ നടക്കുമീ
സന്ധ്യയോ സ്വകാര്യമായ്
മൊഴിയുന്നതുമൊരു
കഥയാക്കഥയുടെ
കല്പനസ്വരങ്ങളിലുയരുന്നുവോ
ചക്രവാളവും സമുദ്രവും...

No comments:

Post a Comment