Sunday, July 17, 2011

 മഴപെയ്യും മുൻപേ
ദൃശ്യമായ
എഴുത്തക്ഷരങ്ങളിൽ
വീണുചിതറും ചില്ലുകൾക്കരികിൽ
നിറം മങ്ങിയുറങ്ങുമൊരു
സായാഹ്നം...
പ്രണയവിരഹപർവങ്ങളെഴുതി
മഴപെയ്യും മുൻപേ
മാഞ്ഞുപോയൊരു മേഘം...
അതിന്നിതളുകളടർത്തിയെന്നും
മുന്നിൽനിരത്തി
അതുവായിച്ചു ദു:ഖിക്കുകയോ
അസൂയപ്പെടുകയോ ചെയ്യുക
എന്നരുളും അച്ചുകൂടങ്ങളോടുള്ള
ആത്മരോഷമൊതുക്കും
മനസ്സിൻ കൽശിലകൾ..
അതിനപ്പുറമേതുപ്രണയവിരഹകഥകൾ
അച്ചുകൂടങ്ങൾക്കറിയുമായിരിക്കും
ആത്മാവിന്റെ ഒളിപ്പാർപ്പുകാരവർ....
അവിശ്വസിനീയമായ
വിശ്വാസ്യതയുമായ്
നിഴൽപൂക്കും തണൽമരങ്ങൾക്കരികിലായ്
വരും ദിനങ്ങളിലവരൊരു
ചരമഗീതവുമെഴുതിയേക്കാം
സാന്ത്വനമായെൻ ഹൃദയമുരുവിടുന്നു
ശാന്തിനികേതനപ്രാർഥനാഗീതങ്ങൾ.....

No comments:

Post a Comment