നക്ഷത്രവിളക്കുകളുടെ പ്രകാശമാർന്ന വരികൾ
ഒരു തിരയേറ്റത്തിലെ
മൺതരിയിലുടക്കിയാണാദ്യമാ
കുരുന്നുനക്ഷത്രസ്വപ്നമുടഞ്ഞത്..
സൗമ്യവും മൃദുലവുമായിരുന്നു
അന്നതിന്റെ ദലങ്ങൾ..
ഉടഞ്ഞസ്വപ്നത്തിൻ
മുത്തുകളിൽ നിന്നുതിർന്നു
പിന്നെയും സ്വപ്നാക്ഷരങ്ങൾ...
കുറെ വാരാന്ത്യങ്ങൾ
പിന്നീടവയെ കത്തിമുനയേറ്റി..
അതിശയകരമായൊരുയർത്തെഴുനേൽപ്പിൽ
മുറിഞ്ഞ സ്വപ്നങ്ങൾ
വീണ്ടും മിഴിചിമ്മിയുണർന്നു
അതിനുമീതെ തേർചക്രങ്ങളോടി..
കൗതുകകരമായ
ഒരുണർവിൽ ആ സ്വപ്നങ്ങൾ
വീണ്ടും വിരലിൽ വന്നിരുന്നു...
പിന്നീടാസ്വപനങ്ങളിൽവന്നു
വീണതനേകം ശസ്ത്രങ്ങൾ
പൂവിൻദലങ്ങളെന്നോണം
അവ മുറിഞ്ഞു..
അറിഞ്ഞോ അറിയാതെയോ
നിമിഷങ്ങൾ താലോലിച്ച
കൃഷ്ണപക്ഷമാസ്വപ്നങ്ങളെ
വീണ്ടും നിഴലിറ്റിച്ചു വീഴ്ത്തി ..
മഴതുള്ളിയിലവ
വീണ്ടുമുണർന്നു ഹൃദയത്തിലെഴുതി
നക്ഷത്രവിളക്കുകളുടെ
പ്രകാശമാർന്ന വരികൾ....
No comments:
Post a Comment