Friday, July 15, 2011

മൊഴി

പുലർകാലമേ!
മനസ്സിലൊരു തീർഥസ്പർശവും
തളിരിലയിൽ മായാതിരുന്ന
ഒരു മഴതുള്ളിയും
നീയെനിക്കേകി..

ഗഗനാന്ത്യത്തോളമുയർന്ന
സ്മാരകചിഹ്നങ്ങളിലുടക്കി
നിശ്ചലമായ നിമിഷങ്ങളേ
നിങ്ങളെനിക്കേകിയ
ചില്ലുകൂടിനുള്ളിൽ മിന്നി
ആകാശനക്ഷത്രങ്ങൾ

ദർപ്പണമുടയും വരെയും നിറയും
മന്ദസ്മിതത്തിനിടവേളയിൽ
സ്പന്ദിക്കും ഹൃദയമെഴുതിചേർത്തു
ഉടയാത്ത മൊഴി


ചന്ദനതിരിയുടെ സുഗന്ധമോലും
പ്രഭാതത്തിനഭിഷേകതീർഥമേ
പുണ്യാഹശുദ്ധിപുരണ്ടമണ്ണിൽ
സ്മൃതിയുടെ ചിലമ്പിൽ
മൊഴിയുടെയക്ഷരകാലമുണർത്തും
ലയവിന്യാസത്തിലൊഴുകിയാലും...

No comments:

Post a Comment