Thursday, July 7, 2011

മഴപെയ്യട്ടെ....

എവിടെയുപേക്ഷിക്കുമീ
ചുമർചിത്രങ്ങൾ; ഞാനെവിടെ
മറയ്ക്കുമീത്രിനേത്രഗ്രഹങ്ങളെ
നിഴൽപോലഴൽതിങ്ങിയൊഴുകും
ഘനശ്യാമമുകിലിൽ തൂങ്ങീടുമാ
കാലദർപ്പണങ്ങളെ..
എവിടെയൊളിപ്പിക്കുമെന്നിലെയെന്നെ
ഞാനീവിരലിൽ ചുരുങ്ങുന്ന
ലോകത്തിൻ പൂർവാഹ്നത്തെ
എവിടെയെവിടെഞാനൊളിക്കും
കവിതതന്നുണർവിൽസൂക്ഷിക്കേണ്ട
കൽഹാരപുഷ്പങ്ങളെ...
എവിടെനിറക്കുമീശംഖുകൾ,
നിമിഷങ്ങളുറങ്ങും തീരങ്ങളിലടിയും
കടലിനെ..
ഇതിഹാസങ്ങൾപദം വയ്ക്കുമീ
മഹായാനമുലയുന്നതുമേതു കടലിൽ
മണൽതട്ടിലെഴുതുന്നുവോ തിര
പൂർണവൃത്തങ്ങൾ..
വീണ്ടുമെവിടെയൊളിക്കുമീ
പരികർമ്മത്തിൻചുമരലതിലും
തൂങ്ങീടുന്ന ഗോളകവൃത്തങ്ങളെ.
വഴിയിൽനിൽക്കും വടവൃക്ഷമേ!
വാക്കാലൊരു മുനമ്പു ഞാനും തീർക്കാം
രത്നസാഗരത്തിലായ്
ഒളിയ്ക്കാമൊതുക്കാമീഭാരങ്ങളെല്ലാം
മുത്തുമണികൾ പോലെ
വീണ്ടും കടലിന്നുള്ളിൽ ഞാനും..
മഴപെയ്യട്ടെ തീരമണലിൽവീണ്ടും,വീണ്ടും
മഴപെയ്യട്ടെയെന്റെ ഭൂമിതൻ മൺചെപ്പിലും
മഴപെയ്യെട്ടെ ശൂന്യവൃത്തമാം വ്യാമോഹത്തിൽ
മഴപെയ്യട്ടെ; മഴയ്ക്കുള്ളിൽ
ഞാനുറങ്ങട്ടെ...

No comments:

Post a Comment