Wednesday, July 6, 2011

 മഴപെയ്യുമൊരു സന്ധ്യയിൽ

ചരിവുകളിലെ
ചുരവും കടന്നുപോയ
പുഴയോടെന്തുപറയൻ
എഴുതിയിട്ടുമെഴുതിയിട്ടും
മഷിതീരാത്ത കടലാസ്
ചുരുളുകളോടുമെന്തുപറയാൻ
വിരലുകളിലുറങ്ങാതെസ്പന്ദിക്കും
ഹൃദയത്തോടെന്തുപറയാൻ...
അതിനാൽ
ഇനിയെല്ലാവരും പറയുന്നത്
കേട്ടുകൊണ്ടേയിരിക്കാം
ഉൽക്കടമായ ഉൾസംഘർഘങ്ങൾ
മധുരതേനിൽ മുങ്ങിവരും
പകയുടെ തുള്ളികൾ,
പല യുഗങ്ങളുടെ
പ്രവചനങ്ങൾ...
എല്ലാമെല്ലാമൊഴുകിയൊഴുകിയൊരു
പ്രളയം പോലെയുയരട്ടെ
ഒരു ശംഖിലോ, കടൽചിപ്പിയിലോ
നിറയ്ക്കാനാവാതെ
വളരുമൊരു മൺതുരുത്തിൽ
നിന്നെത്രദൂരമുണ്ടാവുമൊരു
ചക്രവാളത്തിലേയ്ക്ക്
പിന്നെയനന്തമായ ആകാശം....

ആകാശത്തിനരികിലൊരു
മഴപെയ്യും സന്ധ്യയിലായിരുന്നു
ഒരു നക്ഷത്രമെഴുതാൻ മറന്നൊരു
പുസ്തകത്തിന്റെയാദ്യവരികൾ
ഭൂമിയ്ക്ക് കൈമാറിയത്.....

No comments:

Post a Comment