ഹൃദ്സ്പന്ദനങ്ങൾ
മഴമുകിലുകളെഴുതിമായ്ച്ച
ചിത്രങ്ങളിലൊഴുകിയില്ലാതെയായ
ശുഭ്രമാം ആകാശത്തിന്നൊരിതൾ
വെൺതാമരപ്പൂവായെൻ
ഹൃദയത്തിലുണർന്നപ്പോൾ
അതിൽ കണ്ടു ഒരു ഗാനത്തിൻ
അനുപല്ലവി..
വർണ്ണങ്ങളില്ലാതെ
മഴനീർക്കണം പോലെയൊരു
സ്പന്ദനമതിലുണർന്നപ്പോൾ
എന്റെ ഹൃദയം
എന്നോടു പറഞ്ഞു
മഴതുള്ളികൾക്കെന്തുഭംഗി
പിന്നെയകലെ തിരയേറ്റത്തിലൊഴുകി
മാഞ്ഞ സ്വപ്നങ്ങൾ
വിണ്ടും നക്ഷത്രവിളക്കുകളുമായ്
വന്നപ്പോഴും ഹൃദയം
എന്നോടു പറഞ്ഞു
നക്ഷത്രങ്ങൾക്കെന്തു ഭംഗി...
മുനമ്പിലൊരാളൊഴിഞ്ഞ
കടൽതീരത്തിരിക്കുമ്പോൾ
തിരയേറി വന്ന ഒരു ശംഖു
കണ്ടപ്പോഴും ഹൃദയം പറഞ്ഞു
കടൽശംഖിനെന്തു ഭംഗി...
ലളിതം! സുന്ദരം!
ReplyDelete