Tuesday, July 12, 2011

മാമ്പൂക്കൾ പൊഴിയുമൊരു മെയ്മാസത്തിൽ
സമുദ്രതീരത്തെ
കൈയെഴുത്തുമായ്ച്ചൊഴുകിയ
തിരകൾക്കരികിലിരുന്നുകണ്ട
ദക്ഷിണായനസന്ധ്യയിൽ
ഒരോർമ്മതെറ്റുപോലുലഞ്ഞ
കടലാസുതുണ്ടും പറന്നുനീങ്ങി...
ഒരനവസരചിന്തയുടെയിതൾ
പോലെയവിടെയുമിവിടെയും
പാറിനടന്ന തൂവലുകൾ
മഷിമുക്കിയെഴുതിയ
ത്രികാലപ്രവചനങ്ങളിൽ
നിന്നകലെയകലെയായി
ഹൃദയത്തിൽ വിരിഞ്ഞു
ഒരു വരിക്കവിത..
മാമ്പൂക്കൾ പൊഴിയുമൊരു
മെയ്മാസത്തിൽ
പൂക്കാലങ്ങളുടെ കൂടയിലൊരു
പൂവായിമാറിയ ഗ്രാമം
നിറുകയിൽ കുളിരേറ്റിയ നാളിൽ
ഹൃദയം തൊട്ടെഴുതിയ മഴതുള്ളികൾ
മായ്ക്കാതെയിരുന്ന ഇലതളിർക്കും
ഋതുക്കളിലൊരൂഞ്ഞാൽ
പടിയിലിരുന്നൊരുത്സവകാലകൃതിയുടെ
അനുസ്വരങ്ങളുമായരികിലെത്തിയ
മനസ്സിലെ കവിത..

No comments:

Post a Comment