Monday, July 4, 2011

പവിഴമല്ലിപ്പൂവുകൾ...

ഒരു സ്വരം ചില്ലുകൂടിലുടഞ്ഞു..
അതുടയുന്നതും നോക്കിയിരുന്നു
കാലം....
അത്രഭംഗിയിലാണതുടഞ്ഞത്
ഉടയുമ്പോളോരോ തുണ്ടിലും
മിന്നിയത് നക്ഷത്രങ്ങൾ
അശോകപ്പൂവിൻ നിറമുള്ള
സന്ധ്യാദിപങ്ങൾ പോലെ...

മഞ്ഞിനാലൊരു
മുഖാവരണമണിഞ്ഞ ശൈത്യം
ശരത്ക്കാലത്തിനെഴുതി
പോകുവാൻ സമയമായി..
എവിടേയ്ക്കാണാവോ
ഭൂമി ചോദിക്കുന്നുമുണ്ടായിരുന്നു
രംഗമൊഴിയാത്ത ഹൃദയമൊരു
കാവ്യസർഗം തേടി
അപ്പോഴേയ്ക്കും ചില്ലുകൂടിനുള്ളിൽ
ഹൃദയവുമുടഞ്ഞിരുന്നു
അതും കണ്ടിരുന്നു കാലം
അത്രയ്ക്ക് ഭംഗിയിലാണതുമുടഞ്ഞത്
ഉടയുമ്പോളോരോ തുണ്ടിലും
വിടർന്നിരുന്നു പവിഴമല്ലിപ്പൂവുകൾ...

No comments:

Post a Comment