Tuesday, July 12, 2011

ഒരിയ്ക്കൽ മാഞ്ഞുപോയ സരസ്വതി

അദ്വൈതം
തേടിയൊടുവിൽ
രണ്ടായി പിരിഞ്ഞവഴിയിൽ
തപോവനശാന്തി തേടി
നടന്നൊടുവിലൊരു
മഴയിലേയ്ക്കൊഴുകിയ
മനസ്സിലേയ്ക്ക് പദം വച്ചെത്തി
ഒരിയ്ക്കൽ മാഞ്ഞുപോയ
സരസ്വതി...
ജപമന്ത്രങ്ങൾ തേടിനടന്ന
മേൽക്കോവിലുകളിൽ
ദൈവമുറങ്ങിപ്പോയി..
ഉണർത്താൻ പാടിയ
പാട്ടിൻ സ്വരമിടറിയനേരം
വെങ്കലമണികളുലഞ്ഞു
തൂക്കുവിളക്കുകളാടി
നടപ്പടികൾ കുലുങ്ങി
സോപാനത്തിനരികിലിരുന്നു
കണ്ട സ്വപ്നത്തിൽ
ദൈവമെനിക്കൊരു
രുദ്രാക്ഷം തന്നു
ശിവജടയിലെ രുദ്രാക്ഷം
അതിൽ നിന്നൊഴുകി
ത്രിനേത്രത്തിനുള്ളിൽ
അഗ്നിക്കടിയിലുറങ്ങിയ
അശ്രുനീർ
മഴ ചുറ്റിലും പെയ്യുമ്പോഴും
ഞാനുറങ്ങുകയായിരുന്നു
സോപാനത്തിലൊരു
ഹൃദ്സപന്ദനം
അതെന്റെ ഹൃദയമായിരുന്നു....
മഴയുടെ സ്വരങ്ങളിൽ
വീണ്ടുമുണർന്ന ഹൃദയം....
ഹൃദയത്തിനുള്ളിലേയ്ക്കുമൊഴുകി
ഒരിക്കൽ മാഞ്ഞുപോയ
സരസ്വതി...

No comments:

Post a Comment