Thursday, July 21, 2011

മനസ്സേ നീയൊഴുകുമെന്നറിയാം
ദിനാന്ത്യങ്ങൾ തീർത്ത
കൂടാരങ്ങളിൽ കാണാനായ 
ചുമർചിത്രങ്ങളെത്രയോ
മനോഹരം...
അരികിലാരായിരിക്കുമുടഞ്ഞ
ഹൃദയതുണ്ടുകളിൽ
ആജന്മദൈന്യത്തിനായൊരു
അടിക്കുറിപ്പെഴുതിയിടുന്നത്..
അനാവൃതമായ 
ആവരണങ്ങളുടെ ആകൃതിയോ
വിശ്വസിനീയത?
വാതിലുകൾ പൂട്ടിയുറങ്ങും
മനസ്സിനെയുലയ്ക്കും
സാമ്രാജ്യങ്ങൾ തേടുന്നുവോ
സത്യശപഥങ്ങൾ?
ദീപങ്ങൾ മൂടുവാനാവാതെ
ദിക്കറിയാതെയുഴറും
വിളക്കിൻ ജ്വാലയുടെ
രൂപം വരയ്ക്കാനുദ്യമിയ്ക്കും
വിരൽതുമ്പിൽ മിന്നുന്നു
പ്രകാശത്തിന്റെയൊരു ഒരു തരിപൊന്ന്
ശുദ്ധമാം മനസ്സിനപ്പുറമേത് കിരീടം?
ശുഭ്രമാം പൂർവാഹ്നത്തിനപ്പുറമേത്
സാമ്രാജ്യം?
വാത്മീകങ്ങളിലുറങ്ങിയാലും
വാനപ്രസ്ഥത്തിലകപ്പെട്ടാലും
മനസ്സേ നീയൊഴുകുമെന്നറിയാം
ഒരു മഴതുള്ളിപോലെ...
ഒരു കാവ്യത്തിൻ ഹൃദ്യമധുരിമ പോൽ...

No comments:

Post a Comment