Wednesday, July 20, 2011

മറയിട്ടെഴുതും ജാലകങ്ങൾക്കരികിൽ


ചിരപരിചിതമായൊരപരിചത്വം
മുന്നിൽ നീർത്തിയിടും നൂറ്റാണ്ടുകളുടെ ഗാനം കാർമേഘചീന്തിലുണരുമ്പോൾ
നൂപുരങ്ങളഴിച്ചുമാറ്റി
മഴയിലൂടെയൊരേകാന്തമാം
ഉൾക്കടലിലേയ്ക്ക് നീങ്ങാനാഗ്രഹിക്കുന്നു
മനസ്സിലെ കവിത.....
മറയിട്ടെഴുതും ജാലകങ്ങൾക്കരികിൽ
ഹൃദയത്തിനുമൊരു 
പട്ടുവിരിമറയൊരുക്കേണ്ടിയിരിക്കുന്നു.....
കൈയാൽ നീക്കും ചട്ടക്കൂട്ടിൽ
ശരത്ക്കാലം പൂക്കും പോലെയൊഴുകും
അഗ്നിവർണ്ണത്താൽ നെയ്തൊരു
പട്ടുചേലാഞ്ചലത്തിൽ മിന്നിയ
പ്രകാശത്തിൻതുണ്ടിൽ
ദീപാവലിദീപങ്ങൾ പോലെയുണരും
വെളിച്ചത്തിനുണർവ് കാണാനായി...
ആരോ കൊട്ടിപ്പാടുമൊരർദ്ധസത്യം
ഇടയ്ക്കയിൽ നിന്നുണർന്നെൻ
ഹൃദ്സ്പന്ദനത്തിൽ വീണുടഞ്ഞ നാൾ 
അപൂർണതയുടയവസാനചിഹ്നം
വളർന്നൊരരയാലായ് മാറി...
മൃദംഗങ്ങളിൽ പ്രപഞ്ചം
ചക്രവാളത്തെയുണർത്തുമ്പോൾ
കടലിൽ പെയ്യും
മഴയുടെയിലത്താളത്തിൽ
ആദിമദ്ധ്യാന്തങ്ങളുടെ
ചിരപരിചിതപുരാണങ്ങൾക്കരികിൽ
മറയിട്ടെഴുതും ജാലകങ്ങൾക്കരികിൽ
മനസ്സേ  എഴുതിയാലും
അപൂർണാക്ഷരങ്ങളാൽ
ഒരു വേറിട്ട മൊഴി..

No comments:

Post a Comment