ആത്മാവിന്റെയുടയാത്ത ദർപ്പണങ്ങൾ
പാടാനായ് വന്നൊരു
പാട്ടിനിടയിലൊഴുകിമാഞ്ഞ
സംവൽസരങ്ങൾക്കിടയിലൂടെ
മാഞ്ഞുപോയൊരു സ്വരത്തെ
സോപാനവും കണ്ടിരിക്കാം ....
അരികിലൊഴുകും
മണൽതരികൾ പോലെ
അനേകമനേകം ദിനപ്പൊട്ടുകൾ
സമുദ്രവും കണ്ടിരിക്കാം....
അതിനിടയിലെവിടെയോയുലഞ്ഞ
നിമിഷങ്ങളിലായിരിക്കും
സന്ധ്യാവർണങ്ങൾ
നിറയും മിഴിയിൽ
ശൂന്യതയുണരാനൊരു യുഗം
നോമ്പുനോറ്റിരുന്നത്....
അന്നായിരിക്കാം
ശരറാന്തലുകളിൽ
നക്ഷത്രതിളക്കമിട്ട്
ആകാശമൊരുപഹാരം
ഭൂമിയ്ക്കേകിയത്...
ഭൂമിയുടെയുടഞ്ഞ മൺതരിയിൽ
നിന്നുകാണുമാകാശഹൃദയത്തെ
സ്വർഗവാതിലുകൾ
കണ്ടുകൊണ്ടിരിക്കുന്നു...
ആത്മാവിന്റെയുടയാത്ത
ദർപ്പണങ്ങളിലൂടെ....
No comments:
Post a Comment