Sunday, July 17, 2011


മഞ്ഞുകണം പോലെയുണരും മൊഴി...
അനേകനാളിലെ
ദൈന്യത്തിനെന്തിനൊരു
വിലാപകാവ്യം.....
ആവിഷ്ക്കാരത്തിന്റെയമിതമാം
ആവർത്തനപർവങ്ങളിലുടഞ്ഞ
അന്തസത്തനഷ്ടമാം
സ്നേഹസായാഹ്നത്തിനെന്തിനൊരു
സ്മാരകപ്പതിപ്പ് ...
എഴുതിയൊതുക്കി
തീർപ്പുകടലാസിലൊപ്പുവച്ചുപിരിഞ്ഞുമാഞ്ഞ
ചരിത്രരേഖയ്ക്കെന്തിനൊരു
സാന്ത്വനം..
നിമിഷങ്ങളുടെ നിയന്ത്രിതഗതിയ്ക്കപ്പുറമേതു
ലോകം..
മഷിപുരട്ടി മായ്ക്കാനാവുമൊരു
നിയോഗത്തിനെന്തിനൊരു
ത്രികാലമുദ്ര..
ഗ്രന്ഥശാലയിൽ ചുരുങ്ങിയൊതുങ്ങും
പരിവർത്തനത്തിനെന്തിനൊരു
മുഖാവരണം..
നിയന്ത്രിതരേഖയുടെ നിർണയങ്ങളറിയും
ആകാശമേ!
ആർദ്രമാം നയനങ്ങളാൽ
ഭൂമിയെയറിഞ്ഞാലും..
അതിനുള്ളിലൊരു മഞ്ഞുകണം
പോലെയുണരും മൊഴി കേട്ടാലും...

No comments:

Post a Comment