Tuesday, July 12, 2011

മഴമേഘങ്ങൾ പെയ്തൊഴിയും നേരം

ഒഴുകും ലോകമെഴുതും
ആത്മകഥയിൽ
വോൾഗയിൽ മുങ്ങിയ സ്വപ്നങ്ങളും,
മൽവാനിലെ പാളങ്ങളിലിടറിയ
ജീവസ്പന്ദങ്ങളും കാണാനായി
ചുരുക്കിയൊതുക്കിയ
തുരുത്തുകളിലക്ഷരങ്ങൾക്കിടയിലൂടെ
ജൂബയിലൊരു പതാകയിൽ
പതിറ്റാണ്ടുകളുടെയൊടുവിലെ
സ്വാതന്ത്ര്യമുണരുന്നതുകണ്ടു
വൈരുദ്ധ്യങ്ങളുടെയിഴപിരിഞ്ഞ
വഴികളിലൊരസ്പർശ്യതയുടെ
ആവരണത്തിലായിരിക്കുന്നു മനസ്സ്
ആർദ്രമായൊരു സുഖശീതളിമയിൽ
മഴയൊഴുകുമ്പോൾ
ചുരുക്കിയൊതുക്കിയ
തുരുത്തുകളിലിരുന്നെഴുതും
ഭൂമിയക്കരികിലൂടെ
നീങ്ങുമാഷാഢമേഘങ്ങളുടെ
കാവ്യശേഖരത്തിലെ
അശ്വരഥമോടുമ്പോഴുണ്ടാവും
നിസംഗതയിൽ നിന്നു നോക്കികാണും
ആകാശത്തിലെ നക്ഷത്രങ്ങളേ
മഴമേഘങ്ങൾ പെയ്തൊഴിയും നേരം
സന്ധ്യാജപമുണരും മണ്ഡപത്തിനരികിൽ
വിളക്കുകൾ തെളിയിച്ചാലും...

No comments:

Post a Comment