Monday, July 4, 2011

പ്രകാശത്തിന്റെയവസാനതുണ്ടുകൾ

ആകാശത്തിന്റെ ശുഭ്രമാം
ചേലയിലേയ്ക്കാരോ തൂവി
ഒരോട്ടുകുടം നിറയെ മഷി
അതീവമനോഹരമായ
ഭൂപ്രദിക്ഷണവഴിയിലെ
സോപാനസംഗീതം നിലച്ച
മദ്ധ്യാഹ്നത്തിൽ താമരക്കുളത്തിലെ
കൽപ്പടവുകളിൽ
മായുവാനുള്ള വൈമനസ്യം
നിഴലുകളെഴുതിയിട്ടു...
ഓർമ്മപുതുക്കാനാവാതെ
വിങ്ങിയ നിമിഷങ്ങൾ
സായാഹ്നത്തോടൊപ്പം മാഞ്ഞു
ഉപഭൂഖണ്ഡത്തിലുലയും
പ്രത്യയശാസ്ത്രമന്ത്രങ്ങളിൽ
പുതുമ മങ്ങിക്കൊണ്ടേയിരുന്നു..
സ്വർണ്ണനിറമാർന്ന ഓട്ടുവിളക്കുകളെ
അറയിലുറക്കി
മെഴുകുവിളക്കുകളിൽ വെളിച്ചമുരുകി
കത്തിതീരാറായ വിളക്കിലെ
പ്രകാശത്തിന്റെയവസാനതുണ്ടുകൾ
ഒരു നക്ഷത്രമിഴിയിലെ
സ്വപ്നത്തിലേയ്ക്ക് യാത്രയായി.

No comments:

Post a Comment