Saturday, July 9, 2011

ഓർമ്മതെറ്റു പോലെയുമൊരു പ്രണയം
ഏതുപ്രണയത്തിനോർമ്മകൾ
പുതുക്കണം?
ഏതോർമ്മയുടെ ശരത്ക്കാലവർണം
തൊട്ടെഴുതണം?
മേഘസന്ദേശമേ!
നിന്റെ പ്രണയകാവ്യങ്ങളിലൊഴുകിയൊഴുകി
ഒരു കടലിലെത്തിയിരിക്കുന്നു ഭൂമി
അനേകമനേകം പ്രണയകാവ്യങ്ങളെഴുതിയ
തിരകളുടെ മണലെഴുത്തു മായും നേരം
ശംഖിലുടഞ്ഞൊരു പ്രണയം
 വസന്തം പോലെയാഘോഷിക്കും കാലം..
പ്രണയത്തിനവശേഷിപ്പുകളേ!
കീറിത്തുന്നിയ ഹൃദയത്തിലിരുന്ന്
കണ്ടാലും പ്രണയപര്യവസാനം..
എഴുതിയെഴുതിയെഴുതി
മുറിച്ചളന്നു തുലാസിലിട്ട്
തൂക്കിസൂക്ഷിച്ചാലും 
പ്രണയകാലത്തെ...
ഓർമ്മപ്പുസ്ത്കം തുറക്കുമ്പോൾ
ഉണങ്ങിയ പൂ പോലെ, ഇലപോലെ
ഇടയ്ക്കിടെ കാണാം
ഓർമ്മതെറ്റു പോലെയുമൊരു പ്രണയം...

No comments:

Post a Comment