Wednesday, July 6, 2011

ആകാശസന്ധ്യ

ഒരു സ്വരമുടഞ്ഞൊരാ
ജന്യരാഗത്തിന്റെയരികിലോ
പൂക്കൾ കൊഴിഞ്ഞു...
മുറിവുകൾ മായ്ക്കാതെ
മാഞ്ഞുപോവും ചുമർക്കഥയിലെ
കോലങ്ങൾ പോലെ
ഉറയുന്ന തെയ്യങ്ങളായിരം
കൊയ്തൊരാ വയലുമൊരു
മഴകാത്തിരുന്നു...
മിഴികളിൽ കത്തുന്ന സൂര്യനോ
കാർമേഘവഴികളിൽ നിശ്ചലം നിന്നു..
പുകമഞ്ഞുപോലെയെൻ ഹൃദയത്തെ
മൂടിയോരതിദൈന്യമതു ഞാൻ  മറന്നു...
ഇനിയും വരാം പുലർകാലങ്ങൾ മുക്കൂറ്റി
വളരുന്ന ഗ്രാമങ്ങളോർമ്മയാവാം
വലയങ്ങളായ് ചിത്രമെഴുതും ത്രിനേത്രങ്ങൾ
മറവിയുടെ നിടിലത്തിൽ മാഞ്ഞുപോവാം
അതിരുകൾക്കുള്ളിലെ
രാജ്യങ്ങളായുധപ്പുരകളിൽ
സ്നേഹത്തെയെഴുതി വിൽക്കാം...
വഴിമാറിവഴിമാറിയൊടുവിലെത്തും
ബോധഗയയിലും ശാന്തിയില്ലാതെ
അറിവിന്റയാദ്യഗർവങ്ങളിൽനിന്നുമോ
അഭിനവബുദ്ധർ മരിച്ചു...
കടലിനെയറിയാതെ യാനങ്ങളിൽ
തീർഥഗമനം നടത്തുന്നു കാലം
പെരുമ തേടി പുതിയ വഴികളിൽ
നിൽക്കുന്ന പുഴയോ മറന്നു ഋതുക്കൾ
മരവിച്ചൊരെൻ വിരൽതുമ്പിലോ
ഹൃദയത്തിനവസാന ശ്വാസവേഗങ്ങൾ
എങ്കിലും മിഴിയിലെ സന്ധ്യയിൽ
പൂക്കുന്നതിന്നുമാസ്വർണനക്ഷത്രം
കവിതയിൽ മുങ്ങിതുടിക്കുന്നൊരാകാശഹൃദയമേ
നിന്റെ നക്ഷത്രം....

No comments:

Post a Comment