Saturday, July 23, 2011


സാക്ഷ്യം
ആർദ്രമാമാകാശഗാനമുണരും
പ്രഭാതത്തിനരികിലൂടെ
പാൽക്കുടങ്ങളുമായൊഴുകും
ഗ്രാമമൊരു പഴയസ്വപ്നം..
മിഴിയിലൊരുലോകം
ഉഷ്ണമേഘങ്ങളിൽ,ബാഷ്പങ്ങളിൽ
ഉടഞ്ഞതുമൊരു സ്വപ്നം 
മാമ്പൂസുഗന്ധത്തിൽ
പൂർവാഹ്നത്തിലൊഴുകിയ
പുണ്യാഹജലം നുകർന്നെഴുതിയ
ആദ്യക്ഷരങ്ങളുമൊരു സ്വപ്നം
ഇടവേളയിലോടിപ്പോയ
നിമിഷങ്ങളുടെ നിഴലിൽ
നിന്നകലെയൊരു
ചക്രവാളമെഴുതിയതുമൊരു
സ്വപ്നം...
അതിനിടയിൽ 
മഷിപുരണ്ടും, മൊഴിയിലുടഞ്ഞും 
മാഞ്ഞുപോയത് ഗ്രാമമോ നഗരമോ?
മഴക്കാലപൂവിൽ തുളുമ്പും
മഴതുള്ളിയെഴുതുമൊരുവരിക്കവിതയിൽ
മനസ്സൊഴുകുമ്പോൾ
ആകാശമേയിനിയുമേത്
ഋതുവിനൊരു സാക്ഷ്യമേകണം?

No comments:

Post a Comment