Thursday, September 30, 2010

മൺചിരാതുകൾ

ഈ ഭൂമിയിലെ
ഹൃദയഹാരിയായ
ഓരോ ഋതുവിലും
തൂവൽസ്പർശമായുണരുന്ന
വാക്കുകളെ ഒരു തൂലികതുമ്പിലാക്കി
ഞാനിനിയും എഴുതിയേക്കാം
ഒഴുകുന്ന പുഴയും
ആകാശവും, മേഘജാലങ്ങളും
സപ്തസാഗരവും, തിരകളും
അവയെ പ്രകീർത്തിക്കുന്ന
അവയോട് പരിഭവമോതുന്ന
കവികളെപ്പറ്റിയും
ഞാനെഴുതിയേക്കാം
എന്റെ പരിമിതമായ ഭൂമിയുടെ
ചെറിയ കൽമണ്ഡപത്തിൽ
സന്ധ്യയുടെ ഓട്ടുവിളക്കിലെ
പ്രകാശത്തിനരികിലിരുന്ന്
ഞാനിനിയും എഴുതിയേക്കാം
ഒരു ചെറിയ പുഴയുടെ
ഓളങ്ങളുടെ ഇടുങ്ങിയ
കറുപ്പാർന്ന വഴികളെയും
ചുഴികളെയും എന്റെ ഭൂമി
കണ്ടുവെന്നും വരാം
ലോകഗോളങ്ങളുടെ
അനിയന്ത്രിതഗതിയിൽ
എന്റെ മനസ്സിലെ വാക്കുകൾ
കടൽത്തീരമണലിൽ
വീണ്ടും  ഞാനെഴുതിയേക്കാം
അതിൽ നക്ഷത്രമിഴിയിലെ
സ്വപ്നങ്ങളുണ്ടാവാം
മൺചിരാതുകളിലുണരുന്ന
കൈത്തിരികൾ പോലെ
ശരത്ക്കാലവർണ്ണങ്ങൾ പോലെ...

പ്രണാമം (To ONV and for his Jnanpith )

പ്രണാമം

എഴുതൂ മഹാകവേ! ഇനിയുമെഴുതുക
നിലാവിൻ ഗീതങ്ങളിൽ സാഗരമൊഴുകട്ടെ
എഴുതൂ വീണ്ടും ഭൂമി മൃതിയിൽ നിന്നും
പുനർ ജനിമന്ത്രങ്ങൾ തേടിയീമണ്ണിലുണരട്ടെ
എഴുതി നിറയ്ക്കുക
ലോകഭൂപടത്തിലായൊഴുകും
സമുദ്രങ്ങൾ ശ്രുതി ചേർക്കട്ടെ
വീണ്ടുമക്ഷരമുണരട്ടെ വന്യമാല്യത്തിൽ
ഗ്രീഷ്മചെപ്പിൽ നിന്നുയരട്ടെ
ആഗ്നേയ ശലഭങ്ങൾ
മധുരത്തേൻ പോലുപ്പിലലിഞ്ഞു
നിറയട്ടെ മധുരസ്നേഹം
ശ്യാമവനിയിൽ, ഘനശ്യാമശിലയിൽ
കൃഷ്ണപ്രേമസാഗരമൊഴുകട്ടെ
യമുനയൊഴുകട്ടെ
യമുനാപുളിനത്തിലശ്രുനീർതൂവി
ശ്യാമശിലയിൽ കറുത്തൊരു
താജ്മഹലുയരട്ടെ
കദനം പൂക്കും വൃക്ഷശിഖരങ്ങളിൽ
നേർത്ത നിലാവിൻ തീരങ്ങളിൽ
വസന്തമുറയട്ടെ
കടലൊന്നേയുള്ളത്
സ്നേഹമാം കടൽ
പലേയിടങ്ങൾ സൂക്ഷിക്കുന്ന
ജലപാത്രങ്ങൾ, ഭിന്നരൂപങ്ങൾ
മിഴികളിലൊതുക്കാനാവാത്തൊരു
കടലാക്കടലിനെ കൈകളിൽ ചേർക്കൂ
ജലതരംഗങ്ങളിൽ നിന്നു ഭൂപത്മമുണരട്ടെ
എഴതൂ വീണ്ടും വീണ്ടും
സ്നേഹിച്ചു തീരാത്തവരിടചേർന്നൊഴുകുമീ
സായാഹ്നതീരങ്ങളിൽ
സന്ധ്യയിൽ മഴയുടെ കാതരമിഴികളിൽ
ചന്ദനസുഗന്ധത്തിൽ
വിരൽചേർത്തെഴുതുക
പ്രപഞ്ചം പ്രണവമായൊഴുകും ശംഖിൽ
തീർഥജലം പോലൊഴുകുമാമനസ്സിൽ
സുമേരുവിൽ രത്നസാനുവിൽ
ഭൂമി നടന്നങ്ങെത്തും നൈശ്രേയസത്തിൽ
നിന്നു വീണ്ടുമെഴുതൂ
മഹാജ്ഞാനപ്രണവ പ്രവാഹമേ
എഴുതൂ വീണ്ടും വിണ്ടും
മൃതിയിൽ നിന്നും പുനർജനി
മന്ത്രങ്ങൾ തേടിയീഭൂമിയുണരട്ടെ....

(Ref: ഒ എൻ വി കൃതികൾ: നിലാവിന്റെ ഗീതം,അക്ഷരം,
അഗ്നിശലഭങ്ങൾ, ഉപ്പ്,സ്നേഹിച്ചു തീരാത്തവർ,
ഭൂമിയ്ക്കൊരു ചരമഗീതം, ഒരേ കടൽ, കൃഷ്ണവർണ്ണം,ആഗ്ര)
യുഗം

അയോദ്ധ്യയിൽ
വിഭജനരേഖയിലൂടെ
സരയുവിൽ മുങ്ങിയൊഴുകീ
ഒരു യുഗം
അടിക്കുറിപ്പുകളിൽ
നിന്നകന്നു പോകുന്നു
ആത്മാർഥത
അവിടെയൊഴുകുന്ന
കൃത്രിമചായക്കൂട്ടുകളിൽ
അസ്തമയസൂര്യന്റെ
ആത്മവിലാപം
ഭൂമിയുടെ ഋതുക്കളിലെ
നറും ചായങ്ങളിൽ നിറയുന്ന
പ്രകൃതിയുടെ ഉത്തരീയങ്ങളിൽ
സ്വപ്നങ്ങൾ നെയ്യുന്ന മഴ
മഴയുടെ സ്വപ്നങ്ങളിൽ
നിന്നകലെയൊഴുകുന്ന
അർഥബോധം നഷ്ടമായ
മൂടുപടങ്ങളിലെ
ഏതു ചായക്കൂട്ടിലാണിപ്പോൾ
അർഥശൂന്യമായ ആ മൗനം
സരയൂവിലൊഴുകിമാഞ്ഞ
അയോദ്ധ്യ....
ശരത്ക്കാലം

എഴുതി തീർക്കാനാവാത്ത
ഉൾക്കടലിന്റെ ഉള്ളൊഴുക്കിനെ
അച്ചടിമഷിപുരട്ടി
അപസ്വരങ്ങളാക്കി മാറ്റിയ
വേനൽത്തീരങ്ങളിലെ
അഗ്നിശിലകളിൽ വീണുടയാതെ
ഭൂമി നടന്ന മഴക്കാലനിറവിനപ്പുറം
വസന്തർത്തുവിലെ സ്വപ്നങ്ങളുടെ
വൃക്ഷശാഖകളിൽ നിന്നും
പൂക്കളായ് വിടരേണ്ട
കവിതയുടെ ഒരോ ശിഖരത്തിലും
കരിമഷി പുരട്ടിയാഹ്ളാദിച്ച
കാലത്തിനപ്പുറം
ഒരു ശരത്ക്കാലം ഭൂമിയെ
കാത്തിരുന്നു
കത്തിയാളിയ കനൽച്ചിറകിലും
തളിരിട്ട ഒരിലപോലെ
നനുത്ത കുളിർ പോലെ
സായം സന്ധ്യയിലെ
കുളിർകാറ്റിന്റെ സംഗീതം പോലെ....

Wednesday, September 29, 2010

ഉൾക്കടൽ

കടലൊഴുകുന്നതു കണ്ടിരിക്കുമ്പോൾ
ഉൾക്കടലിലേയ്ക്കൊഴുകി മനസ്സ്
കടലൊരിക്കലും തനിച്ചായിരുന്നില്ല
കടൽചിപ്പികളിൽ കടൽ സംഗീതമായി
കടൽത്തീരമണലിനരികിൽ
കടൽ ചക്രവാളത്തോളമെത്തിയ
കൗതുകം..
ആൾക്കൂട്ടത്തിന്റെയിടയിൽ
ഒറ്റപ്പെടുന്നവർ
അവർ അവരെ തിരയാൻ
ആൾക്കൂട്ടം തേടി പോകുന്നു
നഷ്ടങ്ങളുടെ ശൂന്യത നികത്താൻ
ആരവങ്ങൾ തേടിയലയുന്നു
ആരവങ്ങളുടെയിടയിൽ
അവർ അവരെ ഇല്ലായ്മചെയ്യുന്നു
കടലൊഴുകുന്നതു കണ്ടിരിക്കുമ്പോൾ
ഉൾക്കടലിലേയ്ക്കൊഴുകി മനസ്സ്
അരികിലൊരോടക്കുഴൽ
തനിച്ചു നടക്കുമ്പോഴും
ഒറ്റപ്പെടുമ്പോഴും താഴ്വാരങ്ങളിൽ
നിന്നൊഴുകീ ശുദ്ധസ്വരങ്ങൾ
ആരവങ്ങൾക്കിടയിൽ
നിന്നകലെയുയരുന്ന സ്വരങ്ങൾ
ഉൾക്കടലിന്റെ സ്വരങ്ങൾ....
ഒരു ശരത്ക്കാലസന്ധ്യയിൽ

ഒരു ശരത്ക്കാലസന്ധ്യയിൽ
എന്റെയരികിലേയ്ക്കു വന്ന
ആകാശമേ!!
നിന്നിൽ പൂത്തുലയുന്ന
നക്ഷത്രമിഴികളിൽ
ഭൂമിയുടെ സ്വപ്നക്കൂടുകൾ
ഞാൻ കാണുന്നു
മിന്നുന്ന സന്ധ്യയുടെ ഓട്ടുവിളക്കിൽ
മനസ്സിലെ പ്രകാശമൊഴുകുന്നു
വെളിച്ചമേ നിന്റെ പൂർണ്ണപ്രഭയിൽ
ഇരുട്ടിന്റെ ഗുഹകളിലെ കറുപ്പകന്നു
പോകുന്നു.
ഗോപുരമുകളിലെ ആരവങ്ങളിൽ
നിന്നകന്നു നീങ്ങി
ഭൂമിയുടെ സ്വർണ്ണവർണ്ണമാർന്ന
കടൽമണൽത്തീരങ്ങളിൽ
അസ്തമയസൂര്യനൊഴുക്കിയ
രൗദ്രവർണ്ണങ്ങളെ
കടൽ കവിതയായലിയിക്കുന്ന
ചക്രവാളത്തിനരികിൽ
ചുറ്റുവിളക്കുകളിൽ
വീണ്ടുമുണർന്ന സ്വപ്നങ്ങൾ
ശരത്ക്കാലസന്ധ്യയുടെ
വർണ്ണങ്ങളിലലിഞ്ഞ്
മനസ്സിലെ കല്പവൃക്ഷങ്ങളിൽ
പൂക്കളായ് വിടരുന്നു....

Tuesday, September 28, 2010

മഴത്തുള്ളികൾ


ചായങ്ങളിൽ മുങ്ങിയ
സായാഹ്നത്തിൽ
തൂവൽതുമ്പിലെഴുതാൻ
മഴതുള്ളിയുടെ സുതാര്യമായ
പളുങ്കുപോലുള്ള വർണ്ണം
തേടി ഞാൻ
ചായക്കൂട്ടുകളിൽ മുങ്ങിയ
മുന്നിലെ അതിഭാവുകത്വത്തിനരികിൽ
സൗഗന്ധികത്തിന്റെ സുഗന്ധമുള്ള
കാറ്റുവീശി
എങ്കിലും ശ്രീകോവിലിലെ
ചന്ദനസുഗന്ധമായിരുന്നു
ഉള്ളിലെ വാക്കുകൾ തേടിയത്
അക്ഷരങ്ങളിലുണർന്ന
ശുഭ്രതയ്ക്കരികിൽ
ചായങ്ങളുടെ തൂവലുകളിൽ
സായാഹ്നമെഴുതിയ ചിത്രങ്ങൾ
ആൾക്കൂട്ടത്തിനായി
മതിലിൽ തൂക്കിയ
പ്രദർശനവസ്തുക്കളായി ചുരുങ്ങി
കടലിനരികിലിരുന്ന
ഭൂമിയുടെയരികിൽ
മഴത്തുള്ളികൾ
മുത്തുമണികൾ പോലെ മിന്നി..

Sunday, September 26, 2010

കൃഷ്ണാ!
നിന്നെതേടി ഞാൻ നടന്നു
നിന്നെ മാത്രമേ
ഞാൻ തേടിയുള്ളൂ
നിന്റെ ഓടക്കുഴലിൽ
ഞാനുണർന്നു
താഴവാരങ്ങൾക്കരികെ
നീ എന്നെക്കാത്തിരുന്നു
ഇടവേളയിൽ കണ്ടതൊക്കെ
മിഥ്യ
അരങ്ങിലൂടെ നടന്നു മറഞ്ഞവർ
അപരിചിതർ
കൃഷ്ണാ!
നീയാണു സത്യം
നീ മാത്രം
ശരത്ക്കാലരാഗം

ഋതുക്കൾക്കിടയിൽ
ഞാനൊഴുകീ ശരത്ക്കാലമെഴുതും
സ്വരങ്ങളുലുണരും രാഗം തേടി.
ഭൂമി നടന്നു നീങ്ങും വഴിയരികിൽ
ഗ്രീഷ്മം കത്തിയുരുകി
വിൺതോപ്പിലായെരിഞ്ഞു സൂര്യൻ
സന്ധ്യവിടർന്നു
സോപാനത്തിനരികിലിടയ്ക്കതൻ
സ്പന്ദനതാളത്തിലായുണർന്നു രാത്രി
വേനൽപ്പടർപ്പിൽ
വർഷക്കുളിർ നിറഞ്ഞു
മഴക്കാലരാവുകൾ മൗനത്തിന്റെ
ഗിരിപർവങ്ങൾ താണ്ടി
അകലെ വസന്താഭയൊരുങ്ങും

താഴവാരത്തിനഴകിൽ
പൂക്കാലങ്ങൾ വിടർന്നു
പിന്നീടെങ്ങോ മറഞ്ഞു
ഞാനും പിന്നെ നടന്നു ഭൂമീ
നിന്റെ ഹൃദയമുണർത്തുന്ന
ശരത്ക്കാലത്തിൻ
രാഗമതു ഞാനെടുക്കുന്നു
ഉറയും ശിശിരത്തിൻ
മൗനത്തിനകലെ

ഞാനിരുന്നാരാഗത്തെയൻ
വീണയിലുണർത്തട്ടെ....
ഹൃദ്സ്പന്ദനങ്ങൾ

മനസ്സാക്ഷിയുടെ
പ്രകാശമാണിന്നെന്റെയുള്ളിൽ
 വാക്കുകളെ ചുറ്റിയ വിലങ്ങ്
ഞാനെന്നേ അഴിച്ചു മാറ്റി 
ഒരു മുഖം മാറ്റി വേറൊന്നിട്ടഭിനയിക്കുന്ന
മുഖപടങ്ങളുടെ പ്രീതിയ്ക്കായെഴുതാൻ
ഇന്നെന്റെ മനസ്സാക്ഷി
എന്നെ സഹായിക്കുന്നില്ല.
അതിന്റെ മിന്നലൊളികൾ
ആകാശത്തിനരികിൽ
ഇന്നുഞാൻ കാണുന്നു.
മറന്നുവോ?
എന്റെ ഭൂമിയെ നിശബ്ദമാക്കാൻ
നീയെത്രയോ വലയങ്ങളിട്ടു
അവിശ്വസ്ഥതയുടെ
ആദ്യപാഠങ്ങളെനിയ്ക്കെഴുതി നീട്ടി
വാതില്പിറകിലൊളിച്ച് എത്രയോനാൾ
നീയഭിനയിച്ചു...
യുദ്ധക്കളങ്ങളിലേയ്ക്ക്
നീയെന്റെ ഭൂമിയെ വലിച്ചിഴച്ചു
നിന്റെ ചതുരംഗക്കളങ്ങളിൽ
നീയെന്റെ ഭൂമിയെ കരുവാക്കി കുരുക്കി
ഭൂമിയുടെ വഴികളിൽ
നീയെത്രയോ മുൾവേലികൾ പണിതു
ആ മുൾവേലികളിലുടക്കി
ഭൂഹൃദയം മുറിയുമ്പോഴും
നീയഭിനിയക്കുകയായിരുന്നു
നീയേത്, നിന്റെയഭിനയമേത്
എന്നറിയാനെനിയ്ക്കാവാത്തതിനാൽ
നീ പണിത മുൾവേലികൾ
ഒന്നൊന്നായി അഴിച്ചുമാറ്റുന്നു ഞാൻ
മുൾവേലികളിലുടക്കി
ഇനിയെന്റെ ഭൂമിയുടെ ഹൃദയം കരയരുത് 
അതിനെനിയ്ക്കാവശ്യം
അന്തരാത്മാവിലെ
വെളിച്ചത്തിന്റെ നറുമുത്തുകൾ
ഉൾക്കടലിന്റെ ശാന്തി....

Friday, September 24, 2010

പാരിജാതപ്പൂവുകൾ

വീണുടഞ്ഞ മേഘപാളികളിൽ
ഘനീഭവിച്ച മൗനത്തിനരികിലൂടെ
കടലിലേയ്ക്ക് പെയ്തു മഴ
മഞ്ഞുതൂവിയ ഹിമാലയം
ധ്യാനത്തിലാണ്ട മുനികളണിഞ്ഞ
രുദ്രാക്ഷങ്ങളിൽ ശിവമിഴിയിലെ
അശ്രുനീർതുള്ളി പോലെ
മഴയൊഴുകുന്നതു കണ്ടുനിന്നു
മഴയിലൂടെ നടന്ന ഭൂമിയെന്റെ
മനസ്സിലൊരു ജപമാലയായ് തിരിഞ്ഞു
അച്ചുതണ്ടിന്റെ ചെരിവിൽ
തിരിയുന്ന ഒരു ഗോളമായ്
ആകാശനിഗൂഢതയിലൊഴുകുന്ന
ഒരു പ്രകാശരേഖയിൽ
സ്വപ്നാടനത്തിലാണ്ട മനസ്സിലുണർന്നു
പാരിജാതപ്പൂവുകൾ
കല്പകവൃക്ഷത്തണലിൽ
നിന്നുമെത്തിയ കാറ്റിന്റെ കവിതയിൽ
കൽഹാരങ്ങൾ വിടർന്നു
പുലർകാലമെഴുതിയ
പ്രഭാതരാഗങ്ങളുടെ ആദ്യശ്രുതിയുടെ
സ്പന്ദനങ്ങളിൽ കടലുണർന്നു
ഉണർന്ന കടലിനരികിൽ
ഭൂമിയോടൊപ്പം ഞാനുമിരുന്നു...
മഴ

കനൽ പോലെ കത്തിയ ഗ്രീഷ്മം
കരിയിച്ച ഇലകളുടെ നിറമലിയിച്ച മഴ
വയൽവരമ്പിൽ
സ്വപ്നം നെയ്തൊഴുകിയമഴ
ചിങ്ങവും കടന്നുപെയ്ത കന്നിമഴ
സന്ധ്യയുടെ തിരിനാളങ്ങളെ
കനലാക്കിയ മഴ
നക്ഷത്രങ്ങളെയുറക്കിയ മഴ
ഇരുണ്ടുപെയ്തിറങ്ങിയ രാത്രിയിൽ
പാലങ്ങളുടെ ഇടറിയ
കൈവരികളിൽ തുള്ളി
ആറ്റിലേയ്ക്കൊഴുകിയ മഴ
അഗ്നിശിലകളിൽ കുളിരായ്
പെയ്ത മഴ
മനസ്സിലെ കടലിൽ
നിറഞ്ഞൊഴുകിയ മഴ
ചുറ്റിലും നൃത്തമാടുന്നമഴ
പെയ്തു തീരാത്ത മഴ
ഭൂമിയുറങ്ങിയ രാത്രിയിലും
ഉറങ്ങാതെയൊഴുകിയ മഴ...
കടൽ

കടൽ തുടിയിട്ടുണർന്നപ്പോൾ
ഭൂമിയരികിൽ വന്നു പറഞ്ഞു
യുഗാന്ത്യങ്ങളിൽ
ഇതുപോലൊരു കടലൊഴുകും
ഹിമശൃംഗത്തോളമുയരുമാ കടൽ
അതിനപ്പുറം ചക്രവാളം
പിന്നെയൊന്നുമുണ്ടാവില്ല
സംവൽസരങ്ങളുടെ
പുസ്തകത്താളിലുറങ്ങിയുണർന്നു
ദിനരാത്രങ്ങൾ. 
നിമിഷങ്ങളുടെ നിശബ്ദതയിലൊഴുകി
കാലത്തിന്റെ എഴുത്തുപുസ്തകം
ഭൂമിയുമൊഴുക്കീ കുറെ എഴുത്തുതാളുകൾ
കടലിലേയ്ക്ക്
ഭൂമിയുടെ ഭാരം..
അതിനപ്പുറം ഉൾക്കടലൊഴുകി
മനസ്സിന്റെ കടൽ......

Thursday, September 23, 2010

ഹൃദ്സ്പന്ദനങ്ങൾ

ഓർമ്മചെപ്പുകൾ ഒന്നൊന്നായി
ഭദ്രമായി അടച്ചുപൂട്ടുമ്പോൾ
അതിലൊരു  വിടവ്
അടയ്ക്കേണ്ട വിടവ്.
അതു മൂടിയിട്ടടച്ചാൽ
ഭൂമിയുടെ മനസ്സിൽ
പോയ കാലത്തിന്റെ
മാറാപ്പുണ്ടാവില്ല
ആ വിടവിലൂടെ ഉള്ളിലേയ്ക്ക്
വരുന്ന അവന്റെ  ഉപഗ്രഹമിഴി
അതിന്റെ വഴിയടയണം
അതിനപ്പുറം ഓർമയിലെടുക്കാൻ
ഒന്നുമുണ്ടാവില്ല
ഒരു തുള്ളി മഷി പോലും
എന്നേ രംഗമൊഴിഞ്ഞു പോവേണ്ട
ആ  യന്ത്രമിഴി....
ഔപചാരികതയുടെ
അതിപ്രസരത്തിൽ
അതിനെന്തിനൊരു
വിവേചനം
അതവൻ അവന്റെ കൈകൊണ്ടു
തന്നെയെടുത്തുമാറ്റണം
ഭൂമിയുടെ സ്വരങ്ങളിൽ
അപശ്രുതിയിടുന്ന
അവന്റെ ആ ഉപഗ്രഹമിഴിയടയണം
ഓർമ്മകളെല്ലാം തൂവൽ പോലെ
പറന്നകലാൻ
വാക്കുകളിൽ വാക്കുണരാൻ
കടലുണരാൻ....
മുൾവേലികൾ

ഭൂമിയ്ക്ക് ചുറ്റും കെട്ടിയ
മുൾവേലിയ്ക്കരികിലൂടെ
ആ പുഴ താളം തെറ്റിയൊഴുകട്ടെ
അപസ്വരങ്ങളിൽ.
ഭൂമിയുടെ ചുറ്റും മുൾവേലികെട്ടിയ
ആ പുഴ എന്നേ വറ്റി
പിന്നൊയൊഴുകി
കറുത്തപുഴ
ഒഴുകിയ വഴിയിലെല്ലാം
കറുപ്പിന്റെ ചായക്കൂട്ടുമായ്
ഒടുവിൽ കറുപ്പിൽ
മുങ്ങിയൊടുങ്ങി
ഭൂമിയുടെ ചുറ്റും കെട്ടിയ
അഴിക്കേണ്ട മുൾവേലി
അതോർമ്മയിൽ സൂക്ഷിക്കട്ടെ
ആ പുഴ
ഒഴുകുന്ന വഴിയിലെല്ലാം.....
സ്വർണ്ണലിപികൾ

ഇരുട്ടിന്റെ ഒരു തുണ്ടുതുണിയിൽ
ചുറ്റിവരിഞ്ഞ രാത്രി മറന്നുവച്ച
സന്ധ്യയുടെ വിളക്കുകൾ
ആകാശം നക്ഷത്രങ്ങൾക്കേകി
അതിനരികിലൂടെ നടന്നുപോയ
വിധിയുടെ എഴുത്തുതാളിൽ
നിന്നൊഴുകിയ അക്ഷരങ്ങളെ
ചിതയിലേറ്റാൻ
മൗനം തപസ്സു ചെയ്ത
പർണ്ണശാലയുടെയരികിൽ
പർവതമുകളിൽ നിന്ന്
താഴേയ്ക്ക് വന്ന കാറ്റിന്റെ
തൂവൽചിറകിലൊഴുകീ
ഒരു സന്ദേശകാവ്യം
'ഇന്നു ഞാൻ നാളെ നീ'
ശുഭ്രവസ്ത്രത്തിൽ മൂടി
ജീവനുറങ്ങുന്ന
കറുത്ത ദീർഘചതുരപ്പെട്ടിയിലും
അതേ സന്ദേശകാവ്യമായിരുന്നു
സ്വർണ്ണലിപിയിൽ
`ഇന്നു ഞാൻ നാളെ നീ '
രാത്രിമറന്നു വച്ച 
സന്ധ്യയുടെ വിളക്കുകൾ
അന്നും നക്ഷത്രമിഴിയിൽ
 സ്വപ്നം കണ്ടുറങ്ങി.....
ശരത്ക്കാലം

ശരത്ക്കാലത്തിൽ പൊഴിയുന്ന
ഇലകളെ  ചായം തേച്ച്
പ്രദർശനവിപണയിൽ
പ്രകീർത്തനങ്ങളുടെ
ശിലാഫലകമണിയിച്ച്
മോടിപിടിപ്പിക്കില്ല ഭൂമി
അതിനെ ഭൂമി ഹൃദയത്തിൽ,
മണ്ണിൽ അലിയിക്കും
അതങ്ങനെ ഭൂമിയോട് ചേരും
മഞ്ഞുറയുന്ന ശൈത്യത്തിൽ
ഭൂമിയതിനെ മാറോടു ചേർത്തുവയ്ക്കും
വേനലിൽ ഭൂഗർഭത്തിലെ
അഗ്നിയാവുമത്
മഴക്കാലങ്ങളിൽ
മഴതുള്ളികളിലലിഞ്ഞ്
ആ ഇലകളിലൂടെ വസന്തത്തിൽ
പുനർജനിക്കും
അക്ഷരസ്പർശം തേടുന്ന
ഒരു പൂക്കാലം.
ആ പൂക്കാലത്തിന്റെ
പൂവുകളിൽ
ഭൂമിയുടെയരികിൽ
തൂവൽസ്പർശം പോലെ
ഒരു വാക്കായി മാറും
ശരത്ക്കാലത്തിൽ പൊഴിഞ്ഞു വീണ
ആ ഇല.....

Wednesday, September 22, 2010

ചിത്രശലഭങ്ങൾ


കടലിന്റെ
തീരമണൽപ്പരപ്പിൽ
ശരത്ക്കാലനിലാവിലുണർന്ന
ചില്ലുകൂടുകളിൽ മിന്നിയ
കാവ്യഭാവമാർന്ന
ഭൂമിയുടെ സ്വപ്നങ്ങളുടച്ച പുഴയുടെ
ശിരസ്സിൽ കുരുങ്ങിയ
ചുഴിപ്പാടുകളിൽ നിന്നു
രക്ഷപ്പെട്ട സ്വർണ്ണവർണമാർന്ന
സ്വപ്നപൂവുകൾ
മഴക്കാലരാവും കടന്ന്
മഴത്തുള്ളികളുടെ
സൗമ്യ സ്പർശത്തിൽ
വീണ്ടുമുണർന്ന പുലർകാലങ്ങളിൽ
പുഴയൊഴുകിയ വഴികൾ
മറന്ന കടലായി മാറി ഭൂമി
ആ ഭൂമിയുടെയരികിൽ
ചിത്രശലഭങ്ങൾ
ഭൂമിയ്ക്കായ് അരളിപൂമരങ്ങളിൽ
പുതിയ സ്വപ്നങ്ങൾ നെയ്തു
ആ ചിത്രശലഭങ്ങളുടെ ചിറകുകളിൽ
പ്രകൃതിയുടെ നിറങ്ങളായിരുന്നു
ചായക്കൂട്ടുകൾ കോരിയൊഴിച്ചു
വികൃതമായ ഒരു തിരശ്ശീലക്കരികിലെ
അസ്വഭാവികതക്കപ്പുറം
ഓട്ടുവിളക്കിലെ തിരിവെളിച്ചത്തിൽ
ഭൂമി അശോകപൂക്കളുടെ അകൃത്രിമമായ
സായന്തനവർണ്ണമെഴുതി.......

Tuesday, September 21, 2010

മൺചിരാതുകൾ

ഉണർന്നെഴുന്നേറ്റ
നക്ഷത്രമിഴിയിൽ മിന്നിയ
ഒരു തിരിനാളം
രാത്രിയുടെ ഇരുണ്ട
തടവറകളിൽ നിന്നും
ആകാശമാർഗവും
കടന്ന് ഭൂമിയെ
പ്രകാശിതമാക്കുമ്പോൾ
കൈയിലെ മൺചിരാതുകളിൽ
നിറയെ എണ്ണയിട്ട്
ഭൂമി പുതിയ വിളക്കുകൾ
തെളിയിച്ചു
നിഴലുകൾ പിന്നോട്ടുനടന്ന
പ്രകാശത്തിൽ
ഒരു നേർത്ത ചില്ലുകൂടിൽ
വെളിച്ചവുമായ്
കടൽത്തീരമണലിൽ
ഭൂമിയുടെയരികിൽ
ഞാനുമിരുന്നു
നിഴൽപ്പാടുകളില്ലാത്ത
മൺചിരാതുകളിൽ നിറഞ്ഞ
വെളിച്ചത്തിന്റെ
ചിന്തുകൾ
വിരൽതുമ്പിലൂടെ,
മിഴിയിലൂടെ
മനസ്സിലേയ്ക്കൊഴുകി....
മഴ

ജാലകവാതിലിലൂടെ
കാറ്റിലൊഴുകി
അകത്തേക്കു വന്നു
മഴയുടെ മർമ്മരം.
പെയ്തിട്ടും പെയ്തിട്ടും
തീരാത്ത മഴ
കടലിന്റെ പ്രകമ്പനതാളങ്ങളിൽ
വീണൊഴുകിയ മഴ
നേർത്ത രത്നകംബളങ്ങൾ
വിരിച്ച സായം സന്ധ്യയുടെ
സുവർണരേഖയിലൊഴുകിയ മഴ
അസ്തമയചക്രവാളത്തിനരികിൽ
ആകാശത്തിന്റെ വെൺപട്ട്
കവർന്ന മഴ
ഹൃദയത്തിന്റെ
മഹാധമിനിയിൽ
ദ്രുതതാളമായ് പെയ്ത മഴ
ജാലകവിരികൾ മെല്ലെ മാറ്റി
പേനത്തുമ്പിലൂടെ
മനസ്സിലേയ്ക്കൊഴുകിയ മഴ.....

Monday, September 20, 2010

സായന്തനം

നിഴലുകൾ മാഞ്ഞു പോയ
മഴക്കാലത്തിനരികിൽ

മഴതുള്ളികൾക്കിടയിലൂടെ
നടന്നു വന്നു
ശൈത്യകാലം പോലെയുറഞ്ഞ
ഒരപരിചിതത്വം
ഭൂമിയുടെ നനുത്ത
മണ്ണിലുണർന്ന
ഒരോ തളിർനാമ്പിനിടയിലും
വളർന്നു വന്നു
മഷിതുള്ളിയിൽ മുങ്ങിയ
കോരകപ്പുല്ലുകൾ
മഷി പടർന്നൊഴുകിയ
കടലാസുതാളുകളിൽ
നിന്നകന്നുനീങ്ങിയ
ചക്രവാളത്തിനരികിൽ
മഴയ്ക്ക് ശേഷമുണർന്ന
സന്ധ്യ
ഗ്രീഷ്മത്തിന്റെ കരിഞ്ഞ
വേനൽപ്പാടുകളെ മറന്നു
അവിടെയൊഴുകീ
ശരത്ക്കാലത്തിലെ
ഭൂമിയുടെ നിറം.
സായന്തനത്തിന്റെ
കനകവർണ്ണം...

Sunday, September 19, 2010

ഗ്രാമം

കൽവരിക്കെട്ടുകളും കടന്ന്
പാടവരമ്പിനരികിൽ
സ്വപ്നം കണ്ടിരുന്ന
ഇലയനക്കി പക്ഷിയുടെ
തൂവൽച്ചിറക് തേടി
മൺ പാതയിലൂടെ നടന്ന
ബാല്യത്തിലെ ഗ്രാമം
ഇന്നോടുന്നു പുകയുമായ്
കറുത്തു മിന്നുന്ന
പുത്തൻ വഴികളിലൂടെ
ആറ്റിറമ്പിലെ വഞ്ചി
ചിതലുകളുടെ
സമാധിയിലൊടുങ്ങി
ഗ്രാമവാതിലിനരികിൽ
പലവഴിയിൽ
പലദിക്കിലേയ്ക്ക്
തിരിയുന്ന ഗൃഹാതുരത്വം
മാറിയ നഗരം.
ഇടവഴിയും കടന്ന്
ആൽത്തറയിൽ
കടം കഥം പറഞ്ഞ
സായന്തനത്തിലെ
ഗ്രാമത്തിനരികിലിരുന്ന്
ഒരു കവി പാടി
മാറ്റുവിൻ ചട്ടങ്ങളെ.....
 സത്യം

കാരാഗൃഹത്തിലടക്കപ്പെട്ട
സത്യം
യുഗപരിണാമവേളയിൽ
ശിലയായി മാറി.
ഇരുട്ടിൽ വഴികാണാതെയുഴറിയ
രാജശില്പികൾ
ആ ശില തേടിനടന്നു
ഗിരിനിരകൾ താണ്ടി
കടലും പുഴയും കടന്ന്
ദിനരാത്രങ്ങളുടെ നെടുവീർപ്പുകളിലുലഞ്ഞ്
ഋതുക്കളൊഴുകിയ ഭൂമിയുടെ
വിൺപാതകളിൽ
ആകാശത്തിന്റെ നേരിയ
ശുഭ്രവിതാനം കൈയിലേറ്റി നിന്ന
അനന്തകോടി ഗ്രഹതാരകങ്ങളിലൂടെ
കാലം ചുറ്റിത്തിരിഞ്ഞു വന്നപ്പോൾ
കാരാഗൃഹത്തിനരികിൽ
സത്യം ശിലയിൽ നിന്നുണർന്നു
വന്നു മെല്ലെ പറഞ്ഞു
സത്യമിവിടെ തടവിൽ
രാജശില്പികളുടെ കൈയിലായ
സത്യശിലയുടെ രൂപം മാറി
അവരതിനെ മൂർച്ചയേറിയ
ഉളിയാൽ രാകി രാകി
ചുറ്റികതുമ്പിലുടച്ച്
വേറൊരു ശിലയാക്കി
പിന്നീടതിനെ
നാൽക്കവലയിലെ
ഒരു കൽസ്തൂപത്തിലാക്കി
പ്രദർശനവസ്തുവാക്കി...
ആൾക്കൂട്ടത്തിനിടയിലെ
അപരിചിതനെപ്പോൽ
ആ രാജശില നിന്നു
സത്യം....
ഗ്രാമം

രാത്രി തനിയെ നടന്നുവന്ന
ഇരുണ്ട അമാവാസിയുടെ
നിലവറയും കടന്ന്
വെളിച്ചമുണർന്ന
മഴക്കാലപ്രഭാതങ്ങളിൽ
തൈമാവിൻ ചുവട്ടിൽ
മഴനനയാൻ കാത്തിരുന്ന
ബാല്യം ഒരു ചെപ്പിനുള്ളിലുറക്കി
സൂക്ഷിച്ച ശംഖിലൊഴുകി
ഒരിയ്ക്കൽ ഒരു കടൽ
ആ കടലോരത്തിലൂടെ
നടന്ന ഗ്രാമം ആൾക്കൂട്ടം
ചേക്കേറിയ അതിർനഗരങ്ങളിലെ
കൂടുകൾക്കരികിൽ
വഴിമാറിയൊഴുകിയ
കടലിനൊപ്പം
അമാവാസിയും കടന്ന്
നിലാവ് പൂക്കുന്ന
മറ്റൊരു ഗ്രാമത്തിലേയ്ക്ക്
മെല്ലെ നടന്നു...

Saturday, September 18, 2010

സ്വരം

സ്വരങ്ങളിൽ നിന്നകന്ന്
അപസ്വരങ്ങളെ
സ്നേഹിക്കുന്ന ആകാശത്തേയ്ക്ക്  
ഗോവണിയുമായിരിക്കുന്ന
ഒരു ചെറിയ കാവ്യമനസ്സ്
കോറിയിട്ട വരികളിലൂടെ
നടന്നു വന്ന
മഴതുള്ളികൾ
ഭൂമിയുടെ കാതിലൊരു
സ്വകാര്യമായ് പെയ്തു
അതിനരികിൽ പെയ്തൊഴിയാത്ത
കാർനിറമാർന്ന മേഘങ്ങളും
എഴുത്തോലകളിൽ
നിന്നുണർന്നുവന്ന അക്ഷരങ്ങളിൽ
സ്ഫുടം ചെയ്ത മനസ്സിലെ
കാർത്തിക ദീപങ്ങളുണരുമ്പോൾ
ആകാശഗോപുരവും കടന്ന്
നക്ഷത്രവിളക്കുകൾ
കൈയിലേറ്റി വന്ന മനസ്സേ
ഭൂമിയുടെ ചുറ്റുവിളക്കുകളിൽ
നീയൊഴുകുക
പ്രകാശമായ്.....
ഹൃദ്സ്പന്ദനങ്ങൾ

കിഴക്കിന്റെ തെളിമയാർന്ന
ഉണർവിൽ മനസ്സിലെ
കാരിരുമ്പു പോലെ കനത്ത ഭാരം
തൂവലുകളായ് പറന്നകലുന്നു
ഗന്ധമാദനപർവതത്തിൽ
ബദരീവൃക്ഷത്തണലിൽ
തപസ്സു ചെയ്ത ഒരു ഭൂമി
എന്നെതേടി വരുന്നു
മന്ത്രചരടുകളിൽ
രുദ്രാക്ഷമെണ്ണിയൊഴുകുന്ന
അരുവികളിൽ
തുളസീസുഗന്ധം
ഓട്ടുവിളക്കിൽ
നിന്നൊഴുകി മിഴിയിലെത്തി
നിൽക്കുന്ന  പ്രകാശബിന്ദുക്കൾ
പ്രകാശവേഗത്തിനരികിൽ
നാദവേഗം തേടുന്ന
നാദതന്ത്രികൾ
ഒഴുക്കിനെതിരെയൊഴുകുന്ന
മനസ്സ്
അതങ്ങനെയൊഴുകട്ടെ
ഒഴുകിയൊഴുകിയൊരു
കടലിൽ വീണലിയട്ടെ....
സ്വരം

ചക്രവാളത്തിനെ തൊട്ടുണർത്തിയ
കടലിനരികിൽ നീയുണർത്തിയ
മേഘഗർജ്ജനങ്ങളുടെ
അപസ്വരതാളത്തിനരികിൽ
എന്റെ മൃദംഗം സ്വരതാളമിടാൻ
വളരെയേറെ ശ്രമിച്ചു
പക്ഷെ നിനക്ക് പ്രിയം
അപസ്വരങ്ങൾ
നിന്റെ സ്തുതിപാലകർക്കും
ഗോപുരദ്വാരത്തിൽ
മഷിതുള്ളികളുമായ് നിൽക്കുന്ന
ദ്വാരപാലകർക്കും പ്രിയമത്
അത് കേട്ട് അപസ്വരങ്ങളുടെ
ആസ്ഥാനഗായകാ
നീയെന്തിനിങ്ങനെ
കോപിക്കുന്നു.
നിനക്കായ് അപസ്വരങ്ങളുടെ
ഒരു പ്രബന്ധം ഞാനെഴുതിയുണ്ടാക്കാം
ഒരു സമർപ്പണം
സന്തോഷിക്കുക
മഷിതുള്ളികളുടെ സ്ഥായീ ഭാവം
അതങ്ങനെ പ്രപഞ്ചാഘോഷമാവട്ടെ
ഗോപുരമുകളിലിരിക്കുമ്പോഴും
സ്വരസ്ഥാനം മാറിയ
രാഗഭാവം മാറിയ
അടിസ്ഥാനഭാവങ്ങൾ മാറിയ
ലയവും താളവും മാഞ്ഞ
മേഘഗർജ്ജനങ്ങളിലുണരുക നീ...
ഹൃദ്സ്പന്ദനങ്ങൾ

അക്ഷരങ്ങളിൽ,
വാക്കുകളിൽ
നെരിപ്പോടുകളിൽ
നിന്നുയരുന്ന കനലിലെ
അഗ്നി പോലെ ഒരു ഭൂമി
എരിയുന്നു മനസ്സിൽ
അക്ഷരങ്ങൾക്കും
അതിലൂടെയുണർന്ന
വാക്കിനും മൗനത്തിനുമിടയിൽ
ത്രേതായുഗാന്ത്യമെഴുതിയ
വേറൊരു ഭൂമി
വഴിയിലെ ചരൽക്കല്ലിലുരസി
രക്തം കിനിയുന്ന വേദനയിലും
ആൾമാറാട്ടങ്ങളുടെ അരങ്ങിൽ
തിരശ്ശീലക്കപ്പുറം
ചായം തേച്ച കോമരങ്ങളുടെ
അസഹനീയമായ
വേഷപകർച്ച  കാണുന്ന
വേറൊരു ഭൂമിയരികിൽ
ഇടുങ്ങിയ ശരകൂടങ്ങളിൽ നിന്നകലെ
ഇടുങ്ങിയ മനസ്സുകളിൽ നിന്നകലെ
പുകയെരിയുന്ന
ചിമ്മിനി വിളക്കിനരികിലും
വെളിച്ചം മാത്രം തേടുന്ന
സായാഹ്നങ്ങളുടെ ശാന്തിയിൽ
വിരൽതുമ്പിൽ വന്നുരുമ്മുന്ന
അക്ഷരങ്ങളെ കോർത്തിണക്കി
കടൽത്തീരത്തിരുന്ന്
രാഗമാലികാസ്വരങ്ങൾ തേടുന്ന
ഭൂമിയെയാണിന്നെനിക്കിഷ്ടം...
കൈയൊപ്പ്

എഴുതിമുറിക്കപ്പെട്ട വഴിയിൽ
നിന്റെ കിരീടത്തിലെ എത്രയോ
രത്നങ്ങൾ നീ തന്നെ കറുപ്പിലാഴ്ത്തി
നിന്റെ സ്തുതിപാലകർ
നിന്നെ പ്രകീർത്തിച്ചു കൊണ്ടേയിരിക്കും
അവർക്കാവശ്യം
ദിനാന്ത്യങ്ങളിലൊഴുക്കാൻ
ഒരു കുപ്പി മഷി
വാരാവസാനം ഒരു കെട്ടു പണം
അതിനപ്പുറം അവർക്കവരുടെ ലോകം
നിന്റെയിന്നത്തെ ലോകം പണമൊഴുക്കി
നീ മോടിപിടിപ്പിക്കുന്നു
അതിന്റെ ഓരോ ശിഖരത്തിലും
വളരും കറുത്ത പൂക്കൾ
ആ പൂക്കളിൽ നിന്റെ മനസ്സിന്റെ
കറുപ്പൊഴുകും
ആ കറുപ്പിൽ നീ മനുഷ്യനല്ലാതാവും
നീ എല്ലായിടവും വരച്ചിടുന്ന
വികൃതചിത്രങ്ങൾക്കിടയിൽ
തെളിയും
നിന്റെ കൈയൊപ്പ്
നിന്റെ കൈമുദ്ര

Friday, September 17, 2010

അക്ഷരങ്ങൾ

വർഷകാലമേഘങ്ങളിൽ
പെയ്തൊഴിഞ്ഞു പോയ
കലശക്കുടങ്ങളിലെ
മഴതുള്ളികളിലൂടെ
ഒഴുകിപ്പോയ കാലത്തിന്റെ
കടംകഥകളെഴുതിയ
ശിലാസ്തൂപങ്ങൾക്കിടയിൽ
എഴുതി നിറക്കാനാവാത്ത
ഒരു കടലുമായ് വന്നിരുന്ന
ചെറിയ ഭൂമിയുടെ
തീരഭൂവിൽ ഉണർന്നുവന്ന
അക്ഷരങ്ങൾ
പൊൻതാലങ്ങളിൽ
അരിയും തുളസിപ്പൂവുമിട്ടെഴുതിയ
നവരാത്രിമണ്ഡപത്തിൽ
നിന്നുണർന്ന സ്വരങ്ങളെ
കൈയിലേറ്റി
സന്ധ്യ തിരിവയ്ക്കുമ്പോൾ
മഹാനവമികളിലുറക്കി
പ്രഭാതശംഖിൽ തീർഥവുമായ്
മനസ്സിലെ മിഴിയിലുറങ്ങിയുണരുന്ന
പുസ്തകത്താളുകളായ് മാറ്റുമ്പോൾ
മനസ്സേ  നീയുണരൂ
വെൺതാമരപൂവിനരികിലെ
വീണക്കമ്പിയിൽ

Thursday, September 16, 2010

ഋതുഭേദങ്ങൾ

മാന്ത്രികദണ്ഡിലെ
നക്ഷത്രം പോലെ
മിന്നിയ ഒരു പൂവിന്റെ
സ്വപ്നമിഴിയിൽ നിന്നും
മെല്ലെയുണർന്ന
പുലർകാലം എന്റെയരികിൽ
വന്നു പറഞ്ഞു
പ്രഭാതത്തിന്റെ
സൗമ്യമായ വാക്കുകൾ

മൂടൽമഞ്ഞിൽ തഴുതിട്ടു വയ്ക്കുക
ശൈത്യം കടന്ന്
വേനൽ വരും വരെ...
പിന്നെ മഴയിലൂടെ ഒരു
ഋതു വരും
വസന്തത്തിൽ പൂമൊട്ടുകൾക്കുള്ളിൽ
വാക്കുകളെയൊതുക്കി സൂക്ഷിക്കുക
പൂവായ് വിടർന്നു വരും വരെ,
പൂക്കാലം കൊഴിയും വരെ.
അതിനപ്പുറം ഭൂമിയുടെ
ശരത്ക്കാലം
അതിലങ്ങനെ കനലായെരിയട്ടെ
വാക്കുകൾ
ഉലത്തീയിൽ ഉരുകിയുരുകി
സ്വർണ്ണമാകും വരെ.....

Wednesday, September 15, 2010

ഹൃദ്സ്പന്ദനങ്ങൾ


നിന്റെ സ്തുതിപാഠകരുടെ
ഉൽഘോഷണങ്ങളുടെ
മഷിതുള്ളികളിൽ
പോയ കാലമൊഴുകി വരുന്നു
തർജ്ജിമകളിൽ
പുനരുദ്ധാരണത്തിന്റെ
പുനർവിചിന്തനങ്ങളിൽ
പുകപടലങ്ങളിൽ
അങ്ങനെയങ്ങനെ നീയെന്നും
എന്നെ പഴയ കാലം
ഓർമിപ്പിക്കുമ്പോൾ
ഞാൻ നിന്റെ പുതിയ
വഴിയുടെ നിരർഥകമായ
ചായക്കൂട്ടുകളിൽ നിന്നുമുയരുന്ന
പൊടിപടലങ്ങൾ കാണുന്നു
അതിനിങ്ങനെ സ്തുതി പാടി
പാടി നീയെത്രയോ
കാതം പിന്നോട്ടു പോയിരിക്കുന്നു
എഴുതിയെഴുതി നിറഞ്ഞ
ആ മഷിതുള്ളികളിൽ
നീ ഒരു കാലത്തെയങ്ങു
മായ്ക്കും
സമുദ്രത്തെയും നീ മായ്ക്കുമോ
നിന്റെ സ്തുതിപാലകരുടെ ഭാരം
ഒരു തൂവൽ പോലെ ചുറ്റും പറക്കുന്നു
അതിൽ കൈയിലെടുത്തു സൂക്ഷിക്കാൻ
ഒരുവരി കവിത പോലുമില്ലല്ലോ
മഹാസാഗരം


ഇനിയിപ്പോൾ
സത്യത്തിനെന്തിനൊരു
ചായക്കൂട്ട്
മഴയിലൊഴുകിപ്പോയ
മൗനത്തിന്റെ യവനിക
മാറ്റി കാലം ഒരു നേർത്ത
പട്ടുതിരശ്ശീലയിൽ
കാട്ടിതന്ന കഥാന്ത്യങ്ങളിൽ
നിന്നു വീണ്ടും തുടരുന്ന
ഭൂമിയുടെ യാത്രയിൽ
സ്വപ്നങ്ങളുടെ ചെപ്പിൽ
മഴതുള്ളികൾ നിറയുമ്പോൾ
എത്രയോ പ്രഭാതങ്ങളിൽ
മഴയിലൂടെ നടന്ന
കാലം മായ്ക്കുന്ന
കരിമഷിതുള്ളികളിൽ നിന്നും
കടഞ്ഞെടുത്ത വാക്കുകളിൽ
നിന്നുമുണർന്നു വരുന്നു
വീണ്ടുമൊരു
മഹാസാഗരം
കണ്ണെത്താദൂരത്തോളം....
യാത്ര

കുനിഞ്ഞ ശിരസ്സുമായി
പതാകകൾക്കിടയിലൂടെ
അവനിറങ്ങി വന്നപ്പോൾ
കൈയിൽ ശേഷിച്ചത്
ശൂന്യതയുടെ ഒരു മുഖപടം
അവന്റെയന്തരാത്മാവ്
അവനെയുപേഷിച്ചു
വിലകുറഞ്ഞ തുകൽബാഗിലെ
വിലകുറഞ്ഞ നിറഞ്ഞ പണത്തിൽ
അവൻ പുതിയ പ്രണയമാഘോഷിച്ചു
സ്തുതിപാലകരുടെയിൽ
അവൻ അവനെ പ്രദർശനവസ്തുവാക്കി
ഘോഷയാത്രകൾക്കിടയിൽ
ആഘോഷങ്ങളിൽ
അവന്റെ പതാകകൾ വീണ്ടും താണു
ആ പതാകകൾക്കരികിൽ
വന്നവന്റെ മനസ്സാക്ഷി ചോദിച്ചു
നീന്നെ ഞാനറിയില്ലല്ലോ
നീയേത്?
തുകൽ ബാഗിലെ പണത്തിലേയ്ക്ക്
നോക്കി അവൻ ചിരിച്ചു
ആ ചിരി കേൾക്കാൻ നിൽക്കാതെ
അവന്റെ മനസ്സാക്ഷി
യാത്രയായി...
തുളസിപ്പൂക്കൾ

വേനലിൽ കരിഞ്ഞ
പൂക്കാലങ്ങളുടെ
ചായം തേച്ചു വികൃതമായ
ഛായാപടങ്ങളിൽ
വീണ്ടും വീണ്ടും
കോരിയൊഴിക്കുന്ന
വർണങ്ങളുടെ
അസന്തുലിതാവസ്ഥയിൽ
അകലങ്ങൾക്ക് ദൂരം
കൂടികൂടി വരുന്ന വീഥികളിൽ
മറക്കുടയുമായ് മഴയെ
കാത്തിരുന്ന
അഗ്രഹാരത്തിലെ ഭൂമീ
നനവു വീണ നിന്റെ
മണ്ണിന്റെ സുഗന്ധം ഗ്രാമമായി
എന്നിലേയ്ക്കൊഴുകുമ്പോൾ
നിനക്കായി ഞാൻ
തുളസിമണ്ഡപത്തിൽ
ഒരു കൃഷ്ണതുളസി നടുന്നു
എന്റെ ഹൃദയത്തിൽ
നീയുണരുക ഭൂമീ
സാളഗ്രാമപൂജ ചെയ്യുന്ന
തുളസിപ്പൂവിൽ...
ഭൂമി

ഇടവഴിയിലെങ്ങോ വീണുപോയ
ഒരു വൃക്ഷശിഖരത്തിനിലയായ്,
മൺതരിയായ് മാറിയ മൗനം
പർവതഗുഹയിലെ
ഇരുട്ടിലുറയുമ്പോൾ
ചിറകിലേറി എങ്ങോ
പറന്നുപോയ
വൃക്ഷശിഖരത്തിലെ
സ്വപ്നങ്ങൾ
ആകാശത്തിനരികിൽ
പുതിയ കിളിക്കൂടുകൾ
പണിതുയർത്തി
ഗോപുരമുകളിലെ
നാഴികമണികളിൽ നിന്നു
നടന്നു നീങ്ങിയ കാലം
ഒരു നിഴൽപ്പാടായി
ഭൂമിയുടെ മുന്നിൽ നടന്നുനീങ്ങുമ്പോൾ
കൈകളിൽ ഒരു ചെറിയ
പൂത്തുമ്പി വസന്തതുടിപ്പുമായ്
വന്നു പറഞ്ഞു
സ്വപ്നങ്ങളുടെ താഴ്വരകളിലെ
പൂക്കളിൽ നിഴൽപ്പാടുകളില്ല
അവയ്ക്കരികിൽ ചില്ലുകൂടുകളില്ല
ചലിക്കുന്ന യന്ത്രമിഴികളില്ല
അവിടെയുണരുന്നത്
കാടിന്റെ നിഗൂഢസംഗീതം,
നക്ഷത്രമിഴിയിലെ തിളക്കം
എഴുതി നിറക്കാൻ തൂലികതുമ്പിൽ
തപസ്സിനായെത്തുമവിടെ
പ്രദോഷ സന്ധ്യകൾ
മുപ്പത്തി മുക്കോടി ദേവകൾ
താഴവാരങ്ങൾക്കപ്പുറമുള്ള
കടലിനരികിൽ
ശംഖിൽ നിന്നുണരുമവിടെ
മറ്റൊരു ഭൂമി...
ഹൃദ്സ്പന്ദനങ്ങൾ

കടപ്പാടുകളുടെ
മുഖവിവരണങ്ങളിൽ
ഭൂമിയെഴുതിസൂക്ഷിക്കുന്ന
സ്വർണലിഖിതങ്ങളിൽ
അധികമാരുമുണ്ടാവില്ല
ലോകം മുഴുവനും
വിലയെട്ടടുക്കുന്നതിനെക്കാൾ
മഹത്തരം നിരായുധനായി
അർജുനന്റെ തേരിലിരുന്ന
ഒരാളെ ജീവനേൽപ്പിക്കുന്നതാണുത്തമം
എന്നെന്റെയമ്മ ബാല്യത്തിലെ
പറഞ്ഞു തന്നിരുന്നു
ആ ഗർഭപാത്രത്തോടുള്ള
കടപ്പാട് ജന്മജന്മാന്തരപുണ്യം
അതിനപ്പുറം എഴുതിയോർമിക്കാൻ
സാഗരസ്പന്ദനങ്ങൾ.
തീരഭൂമിയിലൂടെയൊഴുകിയത്
മനുഷ്യമനസ്സിന്റെ വിഭ്രമ ലോകം
അതിനുള്ളിലൊന്നുമുണ്ടായിരുന്നില്ല
മുഖംമൂടിയിട്ട കുറെ മനുഷ്യരും
അവരുടെ യാത്രാവിവരണങ്ങളും
അതിനപ്പുറം ഓർമയിൽ
നിധി പോലെ സൂക്ഷിക്കാൻ
ഒന്നുമുണ്ടായിരുന്നില്ല
മഴയുടെ നേർത്ത തുള്ളികളിലെ
സംഗീതത്തിന്റെ ഒരു സ്വരം
ഭദ്രമായി സൂക്ഷിക്കാൻ
ഒരു കടൽചിപ്പി പോലും
അവിടെയുണ്ടായിരുന്നില്ല......
ചരിത്രം

ചരിത്രത്തിലെഴുതി
സൂക്ഷിക്കാൻ
ഇനിയുമധികമുണ്ട്
ഫലകങ്ങളിൽ സൂക്ഷിച്ചു
സൂക്ഷിച്ചു വയ്ക്കാൻ
ഒരുപാടൊരുപാട് കാര്യങ്ങൾ
കടലൊഴുകുന്നതും,
കാർമേഘങ്ങളൊഴുകുന്നതും
വിഭജനരേഖകളുടെ
അതിർവരമ്പുകളിലിരുന്ന്
കാലം ഘടികാരസൂചികളിലും,
പുഴ ചുറ്റുവലയങ്ങളിലും
നെയ്ത്തുനൂലുകളിൽ
നെയ്യുന്ന നേരിയ വലകളിൽ
ഭൂമിയുടെ ചരിത്രമെഴുതാൻ

എത്രയോ കോടികളുടെ
മഷിപ്പാടുകൾ
വേലികളിൽ നിൽക്കുന്ന
മുൾപ്പാടുകളിലൂടെ
ഭൂമി നടന്നു നീങ്ങുമ്പോൾ
പുഴയുടെ ചരിത്രതാളുകളിൽ
കാലം എഴുതിയിട്ട ഫലകം
അതിലെന്തിങ്ങനെ
കറുപ്പു നിറയുന്നു
മഴ പെയ്തൊഴിയുന്ന
മഴക്കാലങ്ങളിൽ
പുഴയെന്തിങ്ങിനെ
മഷിപ്പാടുകളുടെ
കറുപ്പായൊഴുകുന്നു.....

Tuesday, September 14, 2010

അമൃതകണങ്ങൾ

ഒരു യുഗമുറങ്ങിയ
കാലത്തിന്റെ ഹരിതാഭമായ
പൂമുഖമുറ്റത്തിനരികിൽ
വിടർന്ന ഒരു കുഞ്ഞുപൂവിന്റെ
ചെറിയ മിഴികളിൽ
സ്വർണവർണ്ണമായൊഴുകിയ
പ്രഭാതമേ
നീയെന്റെയുള്ളിലെ
ശിരോലിഖിതങ്ങളിൽ
ആകസ്മികമായി
കോറിയിട്ട നിഴൽപ്പാടുകൾ
മായിക്കുമ്പോൾ
തണുത്ത മഞ്ഞുതുള്ളികളിൽ
മരവിച്ച ദിനങ്ങളിൽ
ദിനാന്ത്യങ്ങളിൽ
ചുറ്റും നൃത്തം വച്ചൊഴുകിയ
പുകച്ചുരുളികളിലൂടെ നടന്ന
കാലഭേദങ്ങളുടെ
രാത്രിയിലൂടെ നടന്നുവന്ന
പുലർകാലമേ
നീയെന്നിലുണർത്തുന്നു
അമൃതകണങ്ങൾ
ക്ഷീരസാഗരം
പൊൻകലശങ്ങളിലേറ്റിയ
ജീവാമൃതം.....
കടൽ

ഇനിയുമൊരിടവേള
ഇടവേളയിലൂടെ നടന്നു
നീങ്ങുന്ന ആത്മാക്കളുടെ
ആത്മപ്രകാശനങ്ങളിൽ
ആരോ മായിക്കുന്ന വാക്കുകൾ
വാക്കുകൾക്കുള്ളിലുറങ്ങുന്ന
ശ്വാസനിശാസങ്ങളിൽ
എന്നേ മൗനം
ചിതയിലായിരിക്കുന്നു
കത്തുന്ന ചിതയിലെ തീയിൽ
കരിയില പോലെ ചാരമായ
ഇടവേള
അതിനിത്തിരി ദൈർഘ്യമേറി
ആ ദൈർഘ്യത്തിനപ്പുറം
കടലായിരുന്നു
കടലിനേതു മൗനം
കടലിനെ മൗനത്തിലൊതുക്കാൻ
മൺകുടങ്ങൾ
കടലാസ് തോണികൾ
അതിലൊന്നുമൊതുങ്ങാത്ത
മനസ്സിലെ കടൽ
യദുകുലകാംബോജിയായ് മാറിയ 
കടൽ......

Monday, September 13, 2010

കടൽ

മേഘമിഴിയിലെ
അശ്രുനീരൊഴുകിയ
വഴിയിലൂടെ നടന്ന്
കടലിനരികിലെത്തിയപ്പോൾ
കടലെന്നോടു പറഞ്ഞു
കണ്ണുനീരിനുപ്പാണിത്
ചുറ്റിലെ ലോകമൊഴുക്കിയ
മിഴിനീരിനുപ്പ്
ഇടനാഴിയിലെ
ഇടുങ്ങിയ നിഴൽപ്പാടിലുണരുന്ന
ശോകകവിതകളിൽ
ചോരപ്പാടുകളിൽ
മഞ്ഞുപോലെ മരവിച്ച
ഗുഹാമൗനങ്ങളിൽ
മരണം പതിയിരിക്കുന്ന
എത്രയോ വിയോഗകഥകളുടെ
അന്ത്യമൊഴി കണ്ടു കടൽ
ശോകങ്ങളുടെ കടലിനപ്പുറം
ഓർമകളുടെ മാഞ്ഞുപോകുന്ന
തുരുത്തിൽ കാലം എല്ലാമൊതുക്കി
കടന്നുപോകുമ്പോൾ
ശരത്ക്കാലവർണമാർന്ന
ഭൂമിയുടെയുടെയരികിൽ
തീക്കനൽ പോലെ തിളങ്ങുന്ന
ആർദ്രനക്ഷത്രം
കോപതാപസമന്വയം.
ആകാശത്തിനരികിൽ
മിഴിനിർ ഘനീഭവിച്ച
കാർമേഘവനിയിലൂടെ
താഴേയ്ക്കൊഴുകുന്ന
മഴയുടെയുള്ളിൽ
കടലിൻ മിഴിനീരിനുപ്പലിഞ്ഞു
മായുമ്പോൾ
കടലിനുള്ളിന്റെയുള്ളിലുറങ്ങുന്ന
കവിതയിൽ
ഭൂമിയുടെ മണൽത്തരികൾ
അതിലൊഴുകി വരുന്ന
കടൽചിപ്പികൾ
അതിലുറയട്ടെ ലോകത്തിന്റെ
ശോകഗാനങ്ങൾ
മഴത്തുള്ളികളിലൊഴുകട്ടെ
ഹൃദ്സ്പന്ദനങ്ങൾ....
ഹൃദ്സ്പന്ദനങ്ങൾ

ചലിയ്ക്കുന്ന താരകങ്ങളുടെ
നിയന്ത്രിതഗതിയ്ക്കരികിൽ
നിശ്ചലം നിൽക്കാനാവാതെ
മന്ത്രം പോലെ
മാനസസരോവരത്തിലുണർന്ന
മനസ്സേ...
നിന്റെയാദ്യലിപിയിൽ
ഞാനൊഴുകി
ആലിലയിൽ
ഹൃദ്സ്പന്ദനങ്ങളിലെ
ശ്രുതിയിൽ വീണലിഞ്ഞ
നനുത്ത കുളിർകാറ്റിൽ
പ്രഭാതം ഒരു പൂവിതളായ്
വിടരുമ്പോൾ
മനസ്സിലുറയുന്ന മഞ്ഞുതുള്ളിയിൽ
ചില്ലുകൂടാരങ്ങൾ പണിയുന്ന
മഴയിലൂടെ മഴതുള്ളികളായ്
മനസ്സൊഴുകുമ്പോൾ
അരികിൽ
കാലമുടച്ചുവാർത്ത
കൽമതിലുകൾക്കരികിൽ
അദൃശ്യമായ നാദവേഗം
വാദ്യോപകരണങ്ങളിൽ
പ്രകമ്പിതമാകുന്ന
ആദിതാളം
യുഗയുഗാന്തരങ്ങളിലൊഴുകിയ
ഹൃദ്സ്പന്ദനങ്ങളുടെ
സ്ഫുടതാളം.....

Sunday, September 12, 2010

പ്രദക്ഷിണവഴികൾ

വഴിയിലെവിടെയോ വീണുടഞ്ഞ
ഒരു വാക്കിന്റെയുള്ളിലുടയാതെയുണർന്ന
അക്ഷരശ്രുതിയിൽ നിന്നും
ഉലയിലെ തീക്കനലിന്റെ
ശരത്ക്കാലമായി മാറിയ ഭൂമീ
പർവതശിഖരങ്ങളിൽ
തപസ്സു ചെയ്ത മൗനത്തിനപ്പുറം
ലോകം ചുരുങ്ങിയൊടുവിലൊതുങ്ങിയ
ചില്ലുകൂടിനുള്ളിലെ വെളിച്ചത്തിലേയ്ക്ക്
നടന്നു നീങ്ങിയ മനസ്സിൽ
പുണ്യാഹതീർഥമായ്
വീണ മഴതുള്ളികളിൽ
പുനർജനിച്ച ഓർമകളുടെ കുറിക്കൂട്ടുകൾ
ദശപുഷ്പങ്ങളായി വിടരുന്ന
കറുകനാമ്പിൽ, കൃഷ്ണക്രാന്തിയിൽ
സുഗന്ധമായൊഴുകുന്ന
സന്ധ്യാമന്ത്രങ്ങളിൽ
പ്രദക്ഷിണവഴിയിൽ
യുഗങ്ങളിൽ, യുഗാന്തരങ്ങളിൽ
സാഗരതീരങ്ങളിൽ
നക്ഷത്രവിളക്കുമായ്
ഭൂമീ
നമുക്ക് മെല്ലെ നടക്കാം....

Saturday, September 11, 2010

ഹൃദ്സ്പന്ദനങ്ങൾ

അരയാൽത്തറയും കടന്ന്
ഗ്രാമമെഴുതിയ
അതിർരേഖകളിലൂടെ
നടന്നു നീങ്ങിയ കാലം
വനാന്തർഭാഗത്തിൽ
വഴിയറിയാതെ
നീർച്ചാലിലൂടെയൊഴുകി
കടലിനരികിലെത്തിയപ്പോൾ
ശരത്ക്കാലമേ
നീന്റെയിലപൊഴിഞ്ഞ
പൂമരക്കൊമ്പുകളിൽ
ഭൂമിയെ തേടി വേറിട്ട വഴിയിലൂടെ
നടന്നു ഞാൻ.
നിറഞ്ഞു തുളുമ്പിയ
തീർഥകലശങ്ങളിൽ, ശംഖിൽ
ദർഭപ്പുല്ലുകൾ പവിത്രക്കെട്ടിൽ
പുണ്യാഹമന്ത്രമായ് മാറിയ
മഴക്കാലമെന്നിലുണർത്തിയ
ഉൾക്കടലുകളിലൂടെ
ഞാനൊഴുകിയൊഴുകി
ഭൂമിയുടെ യാത്രയിലെ
ശരത്ക്കാലവർണ്ണമാകുമ്പോൾ
കാലമേ നീയെന്തിനിങ്ങനെ
കൈവിട്ടുപോയ നിമിഷങ്ങളുടെ
ശ്രുതി തേടിയലയുന്നു......
മഴ

ഇന്നലെയും മഴ പെയ്തു
നഗരത്തിലെ മഴ
ചെറിയ കുടക്കീഴിലൂടെ
മെല്ലെയൊഴുകും,
പെയ്തുമായും.
കാണാനാവാത്ത മഴ
മിഴികളിൽ നിറയാത്ത മഴ
മഴ തെളിനീരായുണരുന്നത്
ഗ്രാമത്തിൽ
കൈകളിൽ നിറയുന്ന മഴ
ചരൽമുറ്റത്ത് തുള്ളിക്കളിക്കുന്ന മഴ
മിഴികളിൽ സ്വപ്നങ്ങളുണർത്തുന്ന മഴ
പൂമുഖപ്പടിയിലൂടെ വന്നൊഴുകി
മനസ്സിന്റെ ജാലകവിരികൾ മാറ്റി
നിറഞ്ഞൊഴുകുന്ന മഴ...
പർവതഗുഹകളിലൂടെ
പുഴയും കടന്നെത്തുന്നു
പരിഭാഷയുടെ തൂലികകൾ
സാഗരമേ നിനക്ക് മതിയായില്ലേ
ഇനി നീ ടാഗോറിന്റെ
പ്രാർഥനാഗാനം കേൾക്കുക
ആത്മാവിന്റെ സംഗീതം
നിനക്കായ് ഭൂമി തരും
മഴതുള്ളികൾ
നിനക്ക് പുതിയ സ്വരങ്ങളും
രാഗമാലികകളും തരും
അവയെല്ലാം
ശംഖുകളിലൊളിപ്പിക്കുക
ഭൂമിയുടെ ഹൃദയവും ഇന്നൊരു
ശംഖ്
സാഗരമേ
അതിൽ നീയുറങ്ങുക.....