Sunday, September 19, 2010

 സത്യം

കാരാഗൃഹത്തിലടക്കപ്പെട്ട
സത്യം
യുഗപരിണാമവേളയിൽ
ശിലയായി മാറി.
ഇരുട്ടിൽ വഴികാണാതെയുഴറിയ
രാജശില്പികൾ
ആ ശില തേടിനടന്നു
ഗിരിനിരകൾ താണ്ടി
കടലും പുഴയും കടന്ന്
ദിനരാത്രങ്ങളുടെ നെടുവീർപ്പുകളിലുലഞ്ഞ്
ഋതുക്കളൊഴുകിയ ഭൂമിയുടെ
വിൺപാതകളിൽ
ആകാശത്തിന്റെ നേരിയ
ശുഭ്രവിതാനം കൈയിലേറ്റി നിന്ന
അനന്തകോടി ഗ്രഹതാരകങ്ങളിലൂടെ
കാലം ചുറ്റിത്തിരിഞ്ഞു വന്നപ്പോൾ
കാരാഗൃഹത്തിനരികിൽ
സത്യം ശിലയിൽ നിന്നുണർന്നു
വന്നു മെല്ലെ പറഞ്ഞു
സത്യമിവിടെ തടവിൽ
രാജശില്പികളുടെ കൈയിലായ
സത്യശിലയുടെ രൂപം മാറി
അവരതിനെ മൂർച്ചയേറിയ
ഉളിയാൽ രാകി രാകി
ചുറ്റികതുമ്പിലുടച്ച്
വേറൊരു ശിലയാക്കി
പിന്നീടതിനെ
നാൽക്കവലയിലെ
ഒരു കൽസ്തൂപത്തിലാക്കി
പ്രദർശനവസ്തുവാക്കി...
ആൾക്കൂട്ടത്തിനിടയിലെ
അപരിചിതനെപ്പോൽ
ആ രാജശില നിന്നു
സത്യം....

No comments:

Post a Comment