സ്വർണ്ണലിപികൾ
ഇരുട്ടിന്റെ ഒരു തുണ്ടുതുണിയിൽ
ചുറ്റിവരിഞ്ഞ രാത്രി മറന്നുവച്ച
സന്ധ്യയുടെ വിളക്കുകൾ
ആകാശം നക്ഷത്രങ്ങൾക്കേകി
അതിനരികിലൂടെ നടന്നുപോയ
വിധിയുടെ എഴുത്തുതാളിൽ
നിന്നൊഴുകിയ അക്ഷരങ്ങളെ
ചിതയിലേറ്റാൻ
മൗനം തപസ്സു ചെയ്ത
പർണ്ണശാലയുടെയരികിൽ
പർവതമുകളിൽ നിന്ന്
താഴേയ്ക്ക് വന്ന കാറ്റിന്റെ
തൂവൽചിറകിലൊഴുകീ
ഒരു സന്ദേശകാവ്യം
'ഇന്നു ഞാൻ നാളെ നീ'
ശുഭ്രവസ്ത്രത്തിൽ മൂടി
ജീവനുറങ്ങുന്ന
കറുത്ത ദീർഘചതുരപ്പെട്ടിയിലും
അതേ സന്ദേശകാവ്യമായിരുന്നു
സ്വർണ്ണലിപിയിൽ
`ഇന്നു ഞാൻ നാളെ നീ '
രാത്രിമറന്നു വച്ച
സന്ധ്യയുടെ വിളക്കുകൾ
അന്നും നക്ഷത്രമിഴിയിൽ
സ്വപ്നം കണ്ടുറങ്ങി.....
No comments:
Post a Comment