Friday, September 10, 2010

നാടകശാല

മനസ്സിൽ പകയുറങ്ങാത്ത
ആ നാടകശാലയിലെ
മുഖത്തു ചായമിട്ടഭിനയിക്കുന്ന 
ജീസസ്സിനിനിയുറങ്ങാം
എല്ലാ കളങ്ങളിലൂടെയും
പായിച്ച കുതിരക്കുളമ്പടിയിൽ
രാജവീഥിയിൽ
പുഴയൊഴുകിയ വഴിയിൽ
രാജപ്രഭാവങ്ങളിൽ
സൗഹൃദങ്ങൾക്ക് മുഖപടം
തുന്നി തുന്നി
മഷിപ്പാടുകളിൽ വിറ്റെഴുതിയ
മനസ്സാക്ഷിയിൽ
നിന്നൊഴുകുന്ന രക്തക്കളങ്ങളിൽ
നീ സന്തോഷിക്കുക.

പതാകകളിൽ നിന്നുണർന്ന
അഭിനയം എന്നേ വിരസമായിരിക്കുന്നു
ആൾക്കൂട്ടത്തിനിടയിലൂടെ
പതാകയുടെ വർണ്ണപ്പകിട്ടിൽ
നീയിനിയുമഭിനയിച്ചു മുന്നേറുക....
സ്തുതിപാലകർ നിനക്കായി
സ്തുതിഗീതങ്ങളെഴുതട്ടെ
രാജമന്ദിരങ്ങളിരുന്ന്
ജനങ്ങളെ ഭിന്നിപ്പിക്കുക
നീ ജയിയ്ക്കും
ഭിന്നിപ്പിന്റെ ആദ്യാക്ഷരങ്ങൾ
നീയാദ്യമായെയ്ത
തുളസിപ്പൂക്കളിൽ,
മനുഷ്യഹൃദയങ്ങളിൽ,
അങ്ങനെയങ്ങനെ നീയൊരു
ലോകം നിനക്കായി പണിയുക
അവിടെ രാജസിംഹാസനങ്ങളിലിരുന്ന്
നിനക്ക് സ്തുതിപാടാത്ത ഭൂമിയെ
വനവാസത്തിനയയ്ക്കുക
നിന്റെ പകയൊടുങ്ങും വരെ....
നിന്നെയുറക്കിയുണർത്തിയ
ഗർഭപാത്രത്തിനുപോലുമറിയില്ലല്ലോ
നീ മനസ്സിലുരുക്കുന്ന ക്രൂരത
അതറിയുന്ന ഒരു ബാല്യം
ഓടക്കുഴലായി ഭൂമിയുടെ
വാനപ്രസ്ഥത്തിലൊഴുകുന്നു..

No comments:

Post a Comment