ഒരു ശരത്ക്കാലസന്ധ്യയിൽ
ഒരു ശരത്ക്കാലസന്ധ്യയിൽ
എന്റെയരികിലേയ്ക്കു വന്ന
ആകാശമേ!!
നിന്നിൽ പൂത്തുലയുന്ന
നക്ഷത്രമിഴികളിൽ
ഭൂമിയുടെ സ്വപ്നക്കൂടുകൾ
ഞാൻ കാണുന്നു
മിന്നുന്ന സന്ധ്യയുടെ ഓട്ടുവിളക്കിൽ
മനസ്സിലെ പ്രകാശമൊഴുകുന്നു
വെളിച്ചമേ നിന്റെ പൂർണ്ണപ്രഭയിൽ
ഇരുട്ടിന്റെ ഗുഹകളിലെ കറുപ്പകന്നു
പോകുന്നു.
ഗോപുരമുകളിലെ ആരവങ്ങളിൽ
നിന്നകന്നു നീങ്ങി
ഭൂമിയുടെ സ്വർണ്ണവർണ്ണമാർന്ന
കടൽമണൽത്തീരങ്ങളിൽ
അസ്തമയസൂര്യനൊഴുക്കിയ
രൗദ്രവർണ്ണങ്ങളെ
കടൽ കവിതയായലിയിക്കുന്ന
ചക്രവാളത്തിനരികിൽ
ചുറ്റുവിളക്കുകളിൽ
വീണ്ടുമുണർന്ന സ്വപ്നങ്ങൾ
ശരത്ക്കാലസന്ധ്യയുടെ
വർണ്ണങ്ങളിലലിഞ്ഞ്
മനസ്സിലെ കല്പവൃക്ഷങ്ങളിൽ
പൂക്കളായ് വിടരുന്നു....
No comments:
Post a Comment