മഴതുള്ളികൾ
പുലരും വരെ ഉറങ്ങാതിരുന്ന രാത്രി
മിഴിയിൽ തൂവിയിട്ട കറുപ്പിൽ
പുലർകാലം മങ്ങിയിരുന്നു
നടുമുറ്റത്തുകൂടിയൊഴുകിയ
തലേന്ന് പെയ്ത മഴയിൽ
കടലാസു വഞ്ചികൾ തുഴഞ്ഞ്
ബാല്യം നടന്നുപോയ വഴിയിൽ
പൂക്കുട ചൂടി നിന്ന
അശോകങ്ങളുടെയരികിലെ
തുളസിത്തറയിൽ വിളക്ക് വച്ച്
തിരിയുമ്പോൾ
അമ്മ പാടാറുള്ള
തുളസീമന്ത്രം ഓർമയിൽ വന്നു
നെറ്റിയിൽ ചന്ദനസുഗന്ധവുമായ്
അമ്മയരികിലെത്തിയ പോലെ
ഇന്നും മഴപെയ്യും
ആകാശം കാർമേഘങ്ങളിലുലഞ്ഞ്
മിന്നിയുടയുമ്പോൾ
അമ്മ ചെവിയിൽ മന്ത്രിച്ചിരുന്നു
അർജുന ഫൽഗുന ജിഷ്ണു, കിരീടി
ശ്വേതവാഹന,ബീഭൽസു, പാർഥ,
വിജയ, സവ്യസാചീ, ധനജ്ഞയ
ഇന്ന് ആകാശം മിന്നിയുടയുമ്പോൾ
മഴ പെയ്തു പെയ്തു തീരുന്നതു
കാണാനാണെനിക്കിഷ്ടം......
No comments:
Post a Comment