Sunday, September 12, 2010

പ്രദക്ഷിണവഴികൾ

വഴിയിലെവിടെയോ വീണുടഞ്ഞ
ഒരു വാക്കിന്റെയുള്ളിലുടയാതെയുണർന്ന
അക്ഷരശ്രുതിയിൽ നിന്നും
ഉലയിലെ തീക്കനലിന്റെ
ശരത്ക്കാലമായി മാറിയ ഭൂമീ
പർവതശിഖരങ്ങളിൽ
തപസ്സു ചെയ്ത മൗനത്തിനപ്പുറം
ലോകം ചുരുങ്ങിയൊടുവിലൊതുങ്ങിയ
ചില്ലുകൂടിനുള്ളിലെ വെളിച്ചത്തിലേയ്ക്ക്
നടന്നു നീങ്ങിയ മനസ്സിൽ
പുണ്യാഹതീർഥമായ്
വീണ മഴതുള്ളികളിൽ
പുനർജനിച്ച ഓർമകളുടെ കുറിക്കൂട്ടുകൾ
ദശപുഷ്പങ്ങളായി വിടരുന്ന
കറുകനാമ്പിൽ, കൃഷ്ണക്രാന്തിയിൽ
സുഗന്ധമായൊഴുകുന്ന
സന്ധ്യാമന്ത്രങ്ങളിൽ
പ്രദക്ഷിണവഴിയിൽ
യുഗങ്ങളിൽ, യുഗാന്തരങ്ങളിൽ
സാഗരതീരങ്ങളിൽ
നക്ഷത്രവിളക്കുമായ്
ഭൂമീ
നമുക്ക് മെല്ലെ നടക്കാം....

No comments:

Post a Comment