കൈയൊപ്പ്
എഴുതിമുറിക്കപ്പെട്ട വഴിയിൽ
നിന്റെ കിരീടത്തിലെ എത്രയോ
രത്നങ്ങൾ നീ തന്നെ കറുപ്പിലാഴ്ത്തി
നിന്റെ സ്തുതിപാലകർ
നിന്നെ പ്രകീർത്തിച്ചു കൊണ്ടേയിരിക്കും
അവർക്കാവശ്യം
ദിനാന്ത്യങ്ങളിലൊഴുക്കാൻ
ഒരു കുപ്പി മഷി
വാരാവസാനം ഒരു കെട്ടു പണം
അതിനപ്പുറം അവർക്കവരുടെ ലോകം
നിന്റെയിന്നത്തെ ലോകം പണമൊഴുക്കി
നീ മോടിപിടിപ്പിക്കുന്നു
അതിന്റെ ഓരോ ശിഖരത്തിലും
വളരും കറുത്ത പൂക്കൾ
ആ പൂക്കളിൽ നിന്റെ മനസ്സിന്റെ
കറുപ്പൊഴുകും
ആ കറുപ്പിൽ നീ മനുഷ്യനല്ലാതാവും
നീ എല്ലായിടവും വരച്ചിടുന്ന
വികൃതചിത്രങ്ങൾക്കിടയിൽ
തെളിയും
നിന്റെ കൈയൊപ്പ്
നിന്റെ കൈമുദ്ര
No comments:
Post a Comment