ഉൾക്കടൽ
കടലിലേയ്ക്ക് നടക്കുമ്പോൾ
കാലിൽ തടഞ്ഞ മുള്ളുകൾ
കൈയിലെടുത്ത്
അതിനെ വഴിയിലുപേഷിച്ചരുടെ
കൈയിലേയ്ക്ക്
തിരികയേകുമ്പോൾ
അവരുടെ മുഖങ്ങളിൽ
ദ്വേഷമുയരുന്നതു കണ്ടു
കല്ലും മുള്ളും ഭൂമി നടക്കുന്ന
പാതയിലേയ്ക്കെറിയുമ്പോൾ
എന്തുൽസാഹമായിരുന്നു
അതു തിരികെയേൽപ്പിക്കുമ്പോൾ
അപരിചിതത്വം ഭാവിക്കുന്ന
ആൾക്കൂട്ടം
മഷിതുള്ളികളെ നീ സ്നേഹിക്കുക
കല്ലും മുള്ളും ഭൂമിയുടെ
വഴികളിലേക്കെറിയാൻ
അവർ നിന്നെ സഹായിക്കും
ഭൂമി അതെല്ലാം ഒരു പേടകത്തിലാക്കി
നിന്റെ നദിയുടെ ഓളങ്ങളിലേയ്ക്കൊഴുക്കി
ഉൾക്കടലിന്റെ സ്വപ്നങ്ങളിലൊളിക്കും
No comments:
Post a Comment