Wednesday, September 8, 2010

കടൽ

മഞ്ഞുലഞ്ഞു വീണ
ശൈത്യത്തിനിപ്പുറം
കനൽത്തീയുരുക്കിയ
വേനൽചീളുകൾക്കരികിൽ
മഴക്കാലസന്ധ്യകളിൽ...
കുറെയേറെ നാളുകളിലായി
ഭൂമിയുടെ ചുറ്റുമതിലുകൾക്കുള്ളിൽ
ആരോ കറുത്ത മഷിപ്പാടുകളിൽ
ഭൂമി രംഗമൊഴിയുക
എന്നെഴുതിയിടുന്നു
അരങ്ങിലെയരങ്ങിൽ
ചായങ്ങളിൽ മുങ്ങിയ
അണിയറയ്ക്ക് പിന്നിൽ
ഭൂമിയുടെ യാത്രാപഥങ്ങളിൽ
കേൾക്കുന്ന പ്രതിധ്വനി.
രംഗഗോപുരങ്ങൾക്കരികിൽ
നൂപുരധ്വനി പോലെ
കടലുണർന്നു വരുമ്പോൾ
കടൽചിപ്പികളിൽ ഭൂമി
ഒരു മൺതരിയായുറങ്ങിയപ്പോൾ
ആത്മാവിന്റെ ഭാഷാലിപികൾ
അന്യമായ ഒരു യുഗം
മഷിതുള്ളികളിൽ
പുതിയ ലിപികളെഴുതി
ആ കടൽചിപ്പിയുടച്ചു
ഭൂമിയെയുണർത്തി.
ഉണർന്ന ഭൂമിയുടെയുള്ളിൽ
നിന്നും പുറത്തേയ്ക്കൊഴുകി
കടൽ....

No comments:

Post a Comment