Wednesday, September 15, 2010

ഭൂമി

ഇടവഴിയിലെങ്ങോ വീണുപോയ
ഒരു വൃക്ഷശിഖരത്തിനിലയായ്,
മൺതരിയായ് മാറിയ മൗനം
പർവതഗുഹയിലെ
ഇരുട്ടിലുറയുമ്പോൾ
ചിറകിലേറി എങ്ങോ
പറന്നുപോയ
വൃക്ഷശിഖരത്തിലെ
സ്വപ്നങ്ങൾ
ആകാശത്തിനരികിൽ
പുതിയ കിളിക്കൂടുകൾ
പണിതുയർത്തി
ഗോപുരമുകളിലെ
നാഴികമണികളിൽ നിന്നു
നടന്നു നീങ്ങിയ കാലം
ഒരു നിഴൽപ്പാടായി
ഭൂമിയുടെ മുന്നിൽ നടന്നുനീങ്ങുമ്പോൾ
കൈകളിൽ ഒരു ചെറിയ
പൂത്തുമ്പി വസന്തതുടിപ്പുമായ്
വന്നു പറഞ്ഞു
സ്വപ്നങ്ങളുടെ താഴ്വരകളിലെ
പൂക്കളിൽ നിഴൽപ്പാടുകളില്ല
അവയ്ക്കരികിൽ ചില്ലുകൂടുകളില്ല
ചലിക്കുന്ന യന്ത്രമിഴികളില്ല
അവിടെയുണരുന്നത്
കാടിന്റെ നിഗൂഢസംഗീതം,
നക്ഷത്രമിഴിയിലെ തിളക്കം
എഴുതി നിറക്കാൻ തൂലികതുമ്പിൽ
തപസ്സിനായെത്തുമവിടെ
പ്രദോഷ സന്ധ്യകൾ
മുപ്പത്തി മുക്കോടി ദേവകൾ
താഴവാരങ്ങൾക്കപ്പുറമുള്ള
കടലിനരികിൽ
ശംഖിൽ നിന്നുണരുമവിടെ
മറ്റൊരു ഭൂമി...

No comments:

Post a Comment