Monday, September 6, 2010

ഹൃദ്സ്പന്ദനങ്ങൾ

നേർരേഖയിലെഴുതിയാൽ
മനസ്സിലാവാത്ത പുഴയാണകലെ
ഒരോ വഴിയിലും ദിശമാറിയൊഴുകിയ
ആ പുഴയോരവും കടന്ന്
കടലിനരികിലെത്തിയ ഭൂമി
പ്രശംസാവചനങ്ങളുടെ
കീർത്തിമുദ്രകളിൽ വിഭ്രമിക്കുന്ന
ഒരു തുണ്ടു മൺതരിയല്ല
പ്രകീർത്തനങ്ങളിൽ പലരെയും
ഉയർത്താൻ ശ്രമിക്കുന്ന
മഷിതുള്ളികളാൽ
നിന്ദാസ്തുതികളെഴുതിനീട്ടിയാൽ
തലതാഴ്ത്തിയിറങ്ങിപ്പോകുന്ന
പാഴ്തുണിക്കഷണവുമല്ല
ആ ഭൂമി.
അതറിയാൻ
പതാകകളിൽ മുങ്ങുന്ന വർണം
തേടിയൊഴുകുന്ന
മഷിപ്പാടുകൾക്കാവില്ല
വിഭ്രമിപ്പിക്കുന്ന പ്രകീർത്തനങ്ങളിൽ
ഒട്ടനേകം കടലാസുതാളുകളിൽ
മഷിതുള്ളികളിലും
പരിവർത്തനങ്ങളിലും
വികലമായ മനസ്സുകളാശ്വസിക്കുമ്പോൾ
മഴതുള്ളികൾ മഞ്ഞുതുള്ളിപോൽ
ഉണരുന്ന മഴക്കാലങ്ങളിൽ
എന്റെ ചെറിയ ഭൂമിയുടെ
ഓർമചെപ്പിൽ നിറയട്ടെ
പ്രഭാതം, ചക്രവാളത്തിന്റെ
ചുറ്റുവിളക്കുകൾ, സോപാനത്തിലുണരുന്ന
ഇടയ്ക്കയുടെ ഹൃദ്സ്പന്ദനം,
കൃഷ്ണശിലയിലെ തുളസീമാല്യം,
ചന്ദനസുഗന്ധം....

No comments:

Post a Comment