കടൽ
മേഘമിഴിയിലെ
അശ്രുനീരൊഴുകിയ
വഴിയിലൂടെ നടന്ന്
കടലിനരികിലെത്തിയപ്പോൾ
കടലെന്നോടു പറഞ്ഞു
കണ്ണുനീരിനുപ്പാണിത്
ചുറ്റിലെ ലോകമൊഴുക്കിയ
മിഴിനീരിനുപ്പ്
ഇടനാഴിയിലെ
ഇടുങ്ങിയ നിഴൽപ്പാടിലുണരുന്ന
ശോകകവിതകളിൽ
ചോരപ്പാടുകളിൽ
മഞ്ഞുപോലെ മരവിച്ച
ഗുഹാമൗനങ്ങളിൽ
മരണം പതിയിരിക്കുന്ന
എത്രയോ വിയോഗകഥകളുടെ
അന്ത്യമൊഴി കണ്ടു കടൽ
ശോകങ്ങളുടെ കടലിനപ്പുറം
ഓർമകളുടെ മാഞ്ഞുപോകുന്ന
തുരുത്തിൽ കാലം എല്ലാമൊതുക്കി
കടന്നുപോകുമ്പോൾ
ശരത്ക്കാലവർണമാർന്ന
ഭൂമിയുടെയുടെയരികിൽ
തീക്കനൽ പോലെ തിളങ്ങുന്ന
ആർദ്രനക്ഷത്രം
കോപതാപസമന്വയം.
ആകാശത്തിനരികിൽ
മിഴിനിർ ഘനീഭവിച്ച
കാർമേഘവനിയിലൂടെ
താഴേയ്ക്കൊഴുകുന്ന
മഴയുടെയുള്ളിൽ
കടലിൻ മിഴിനീരിനുപ്പലിഞ്ഞു
മായുമ്പോൾ
കടലിനുള്ളിന്റെയുള്ളിലുറങ്ങുന്ന
കവിതയിൽ
ഭൂമിയുടെ മണൽത്തരികൾ
അതിലൊഴുകി വരുന്ന
കടൽചിപ്പികൾ
അതിലുറയട്ടെ ലോകത്തിന്റെ
ശോകഗാനങ്ങൾ
മഴത്തുള്ളികളിലൊഴുകട്ടെ
ഹൃദ്സ്പന്ദനങ്ങൾ....
No comments:
Post a Comment