ഗ്രാമം
രാത്രി തനിയെ നടന്നുവന്ന
ഇരുണ്ട അമാവാസിയുടെ
നിലവറയും കടന്ന്
വെളിച്ചമുണർന്ന
മഴക്കാലപ്രഭാതങ്ങളിൽ
തൈമാവിൻ ചുവട്ടിൽ
മഴനനയാൻ കാത്തിരുന്ന
ബാല്യം ഒരു ചെപ്പിനുള്ളിലുറക്കി
സൂക്ഷിച്ച ശംഖിലൊഴുകി
ഒരിയ്ക്കൽ ഒരു കടൽ
ആ കടലോരത്തിലൂടെ
നടന്ന ഗ്രാമം ആൾക്കൂട്ടം
ചേക്കേറിയ അതിർനഗരങ്ങളിലെ
കൂടുകൾക്കരികിൽ
വഴിമാറിയൊഴുകിയ
കടലിനൊപ്പം
അമാവാസിയും കടന്ന്
നിലാവ് പൂക്കുന്ന
മറ്റൊരു ഗ്രാമത്തിലേയ്ക്ക്
മെല്ലെ നടന്നു...
No comments:
Post a Comment