കടൽ
ശംഖുകളിലൊരു കടലുണ്ടായിരുന്നു
കടൽത്തീരമണലിലോടിയ
കാലത്തിന്റെ രഥചക്രങ്ങൾക്കിടയിൽ
കുറെ ശംഖുകളുടഞ്ഞു
ഉടയാതെയകലെയൊളിച്ച
ഒരു ശംഖിനുള്ളിൽ കടലിന്റെ
കവിതകളുണർന്നു വന്നപ്പോൾ
കാലം മിഴിപൂട്ടി
ഒന്നും കാണാത്ത പോൽ നടന്നു
വഴിവക്കിലെ ചായം തേച്ച
മതിൽക്കെട്ടിനരികിലിലെ
ഇടുങ്ങിയ ലോകത്തിന്റെ
മുഖപടങ്ങൾ കോലം തുള്ളുന്ന
രംഗോലിക്കളങ്ങളിൽ
നടക്കാനാവാതെ വിഷമിച്ച ഭൂമി
കടലിന്റെ കവിതയിലുണർന്ന ശംഖുമായ്
കടൽത്തീരത്തിരുന്നു
No comments:
Post a Comment