Monday, September 20, 2010

സായന്തനം

നിഴലുകൾ മാഞ്ഞു പോയ
മഴക്കാലത്തിനരികിൽ

മഴതുള്ളികൾക്കിടയിലൂടെ
നടന്നു വന്നു
ശൈത്യകാലം പോലെയുറഞ്ഞ
ഒരപരിചിതത്വം
ഭൂമിയുടെ നനുത്ത
മണ്ണിലുണർന്ന
ഒരോ തളിർനാമ്പിനിടയിലും
വളർന്നു വന്നു
മഷിതുള്ളിയിൽ മുങ്ങിയ
കോരകപ്പുല്ലുകൾ
മഷി പടർന്നൊഴുകിയ
കടലാസുതാളുകളിൽ
നിന്നകന്നുനീങ്ങിയ
ചക്രവാളത്തിനരികിൽ
മഴയ്ക്ക് ശേഷമുണർന്ന
സന്ധ്യ
ഗ്രീഷ്മത്തിന്റെ കരിഞ്ഞ
വേനൽപ്പാടുകളെ മറന്നു
അവിടെയൊഴുകീ
ശരത്ക്കാലത്തിലെ
ഭൂമിയുടെ നിറം.
സായന്തനത്തിന്റെ
കനകവർണ്ണം...

No comments:

Post a Comment