സാഗരം
ദു:ഖത്തിന്റെ
മഹാപ്രവാഹങ്ങളെത്രയോ
ഒഴുകിയ സാഗരത്തിലേയ്ക്ക്
നീയുമൊഴുക്കി ഒരു നദി
ഒരു ചെറുനദി,
മഷിപ്പാടുകളുടെ നദി
അതിനപ്പുറമേതു വിഷാദകാവ്യം
ഇഷ്ടദാനം.
തീയിൽവീണുരുകിയുരുകി
ശരത്ക്കാലനിറമാർന്ന
ഭൂമിയിലേയ്ക്ക്
ഇനിയുമൊഴുക്കി കടന്നുപോകാം
പ്രകടനനദികൾ,
പ്രകീർത്തനപൂവുകൾ,
കറുപ്പുലയുന്ന നദികൾ.
സാഗരങ്ങളലയടിക്കുന്ന
ഭൂമിയുടെ ചെറിയ
മൺകുടത്തിലൂടെയൊഴുകുന്ന
മഷിതുള്ളികളുടെ ലോകമേ
എഴുതിയെഴുതി നിറയ്ക്കുക
കടലാസു തോണികളിൽ
കാലത്തിന്റെ കദനത്തുള്ളികൾ.
ശിലാമൗനമുടഞ്ഞ
വേനൽത്തീരങ്ങളിലൂടെ
നടന്നു നീങ്ങുമ്പോൾ
ചാരുശിലകളായുണരുന്ന
വാക്കുകൾ തേടിയൊഴുകട്ടെ
മനസ്സിലെ
മഹാപ്രവാഹങ്ങളുടെ സാഗരം....
No comments:
Post a Comment