Sunday, September 26, 2010

ഹൃദ്സ്പന്ദനങ്ങൾ

മനസ്സാക്ഷിയുടെ
പ്രകാശമാണിന്നെന്റെയുള്ളിൽ
 വാക്കുകളെ ചുറ്റിയ വിലങ്ങ്
ഞാനെന്നേ അഴിച്ചു മാറ്റി 
ഒരു മുഖം മാറ്റി വേറൊന്നിട്ടഭിനയിക്കുന്ന
മുഖപടങ്ങളുടെ പ്രീതിയ്ക്കായെഴുതാൻ
ഇന്നെന്റെ മനസ്സാക്ഷി
എന്നെ സഹായിക്കുന്നില്ല.
അതിന്റെ മിന്നലൊളികൾ
ആകാശത്തിനരികിൽ
ഇന്നുഞാൻ കാണുന്നു.
മറന്നുവോ?
എന്റെ ഭൂമിയെ നിശബ്ദമാക്കാൻ
നീയെത്രയോ വലയങ്ങളിട്ടു
അവിശ്വസ്ഥതയുടെ
ആദ്യപാഠങ്ങളെനിയ്ക്കെഴുതി നീട്ടി
വാതില്പിറകിലൊളിച്ച് എത്രയോനാൾ
നീയഭിനയിച്ചു...
യുദ്ധക്കളങ്ങളിലേയ്ക്ക്
നീയെന്റെ ഭൂമിയെ വലിച്ചിഴച്ചു
നിന്റെ ചതുരംഗക്കളങ്ങളിൽ
നീയെന്റെ ഭൂമിയെ കരുവാക്കി കുരുക്കി
ഭൂമിയുടെ വഴികളിൽ
നീയെത്രയോ മുൾവേലികൾ പണിതു
ആ മുൾവേലികളിലുടക്കി
ഭൂഹൃദയം മുറിയുമ്പോഴും
നീയഭിനിയക്കുകയായിരുന്നു
നീയേത്, നിന്റെയഭിനയമേത്
എന്നറിയാനെനിയ്ക്കാവാത്തതിനാൽ
നീ പണിത മുൾവേലികൾ
ഒന്നൊന്നായി അഴിച്ചുമാറ്റുന്നു ഞാൻ
മുൾവേലികളിലുടക്കി
ഇനിയെന്റെ ഭൂമിയുടെ ഹൃദയം കരയരുത് 
അതിനെനിയ്ക്കാവശ്യം
അന്തരാത്മാവിലെ
വെളിച്ചത്തിന്റെ നറുമുത്തുകൾ
ഉൾക്കടലിന്റെ ശാന്തി....

No comments:

Post a Comment