മഴത്തുള്ളികൾ
ചായങ്ങളിൽ മുങ്ങിയ
സായാഹ്നത്തിൽ
തൂവൽതുമ്പിലെഴുതാൻ
മഴതുള്ളിയുടെ സുതാര്യമായ
പളുങ്കുപോലുള്ള വർണ്ണം
തേടി ഞാൻ
ചായക്കൂട്ടുകളിൽ മുങ്ങിയ
മുന്നിലെ അതിഭാവുകത്വത്തിനരികിൽ
സൗഗന്ധികത്തിന്റെ സുഗന്ധമുള്ള
കാറ്റുവീശി
എങ്കിലും ശ്രീകോവിലിലെ
ചന്ദനസുഗന്ധമായിരുന്നു
ഉള്ളിലെ വാക്കുകൾ തേടിയത്
അക്ഷരങ്ങളിലുണർന്ന
ശുഭ്രതയ്ക്കരികിൽ
ചായങ്ങളുടെ തൂവലുകളിൽ
സായാഹ്നമെഴുതിയ ചിത്രങ്ങൾ
ആൾക്കൂട്ടത്തിനായി
മതിലിൽ തൂക്കിയ
പ്രദർശനവസ്തുക്കളായി ചുരുങ്ങി
കടലിനരികിലിരുന്ന
ഭൂമിയുടെയരികിൽ
മഴത്തുള്ളികൾ
മുത്തുമണികൾ പോലെ മിന്നി..
No comments:
Post a Comment