Saturday, September 11, 2010

ക്ഷീരസാഗരം

എന്റെ ചെറിയ ഭൂമിയ്ക്ക്
വലിയ അഹംഭാവമെന്ന്
നിന്റെ സ്തുതിപാഠകരെഴുതുന്നു
അതിത്രവല്യകാര്യമോയെന്ന്
എന്റെയോടക്കുഴൽ പാടുന്നു
എത്രവന്നാലും നിന്റെയത്രവരില്ലത്
വീണെഴുന്നേറ്റ നാൾ മുതൽ
നീ മൂടിവയ്ക്കാൻ പരിശ്രമിക്കുന്ന
വലിയ ഭാരമുള്ള ആ ഭാവം
അതിന്റെ പേരെന്തെന്നെന്റെ
ചെറിയ ഭൂമിയ്ക്കറിയാം
എല്ലാം കൂടിയളന്നാൽ
ഒരു പണതൂക്കം കൂടുതലുണ്ടാവുക
മഷിതുള്ളികൾക്കാവും
എല്ലാം കൂടിചേർന്നൊഴുകിയ
ഭാവഗീതങ്ങളുടെ പുഴ
അതു കണ്ടുകണ്ടൊഴുകുന്ന
കടലാണിത്..
അതിനെഴുതി
നിന്റെ പുഴയിലേയ്ക്കിടാൻ
അഹമെന്നഴുതിയ
ഫലകങ്ങളില്ല
അതറിയുന്നു ക്ഷീരസാഗരം,
ഓടക്കുഴൽ....

No comments:

Post a Comment